മോസ്കോ: രാജ്യത്തെ ജനന നിരക്കിലെ ഇടിവ് പരിഹരിക്കാനായി സെക്സ് മന്ത്രാലയത്തിന് രൂപം നൽകാൻ റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിശ്വസ്തയും പാർലമെന്റ് സമിതി അധ്യക്ഷയുമായ നീന ഒസ്താനീനയാണ് പുതിയ മന്ത്രാലയം രൂപീകരിക്കുന്നത് സംബന്ധിച്ച അപേക്ഷ പരിഗണിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ നിരക്ക് ഉയർത്താൻ പ്രസിഡന്റ് പുടിൻ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ജനനനിരക്ക് ഉയർത്താനായി നിരവധി നിർദേശങ്ങളുമായി അധികൃതരെത്തി. 2022ൽ യുക്രെയ്നുമായി യുദ്ധം ആരംഭിച്ച ശേഷം റഷ്യയുടെ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടായി.
നിർദേശങ്ങൾ
1. രാത്രി പത്തിനും പുലർച്ചെ രണ്ടിനും ഇടയിൽ ലൈറ്റുകളും ഇന്റർനെറ്റും ഓഫ് ചെയ്യുക-പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനാണിത്.
2. പെൻഷനിലടക്കം മക്കളുള്ള വീട്ടമ്മമാർക്ക് പ്രത്യേക ‘ശമ്പളം’.
3. ആദ്യ ഡേറ്റിങ്ങിന് 5000 റൂബിൾ വരെ (ഏകദേശം 4395 രൂപ) സർക്കാർ സാമ്പത്തിക സഹായം
4. ഹോട്ടലുകളിൽ വിവാഹ രാത്രികൾക്കായി ധനസഹായം. വിവാഹദിവസം രാത്രി ഹോട്ടലിൽ താമസിക്കുന്നതിന് 26,300 റൂബിൾ (ഏകദേശം 23,122 രൂപ) സാമ്പത്തിക സഹായം. ഇതിലൂടെ ഗർഭധാരണം പ്രോത്സാഹിപ്പിക്കാമെന്നാണ് സർക്കാറിന്റെ പക്ഷം.
ഈ നിർദേശങ്ങൾക്ക് പുറമേ ജനന നിരക്ക് വർധിപ്പിക്കാൻ നിരവധി പദ്ധതികളും റഷ്യ നടപ്പാക്കുന്നുണ്ട്. രാജ്യത്തെ ചില ഭാഗങ്ങളിൽ18-23 വയസ്സ് പ്രായമുള്ള ഗർഭിണികൾക്ക് 900 പൗണ്ട് (ഏകദേശം ₹ 97,311) വരെ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ചില ഭാഗങ്ങളിൽ ആദ്യ കുട്ടിക്ക് 8500 പൗണ്ട് (ഏകദേശം ₹ 9,19,052) നൽകും.
Discussion about this post