വാഷിംഗ്‌ടൺ: അമേരിക്കൻ ഹിന്ദുവും മുൻ ഡെമോക്രാറ്റ് നേതാവുമായ തുളസി ഗബ്ബാർഡിനെ യു എസ്സിന്റെ ഇന്റലിജൻസ് ഡയറക്ടറായി നിയമിച്ച് ട്രംപ്. യു.എസ് കോൺഗ്രസിൽ അംഗമാകുന്ന ആദ്യ ഹിന്ദുവാണ് തുളസി ഗബ്ബാർഡ്.
2013 ൽ ആദ്യമായി കോൺഗ്രസിൽ അംഗമായി തിരഞ്ഞെടുത്തപ്പോൾ ഭഗവത് ഗീതയിൽ തൊട്ടാണ് തുളസി ഗബ്ബാർഡ് സത്യപ്രതിജ്ഞ ചെയ്തത്. ” എന്റെ സ്വന്തം ഭഗവദ് ഗീത ഉപയോഗിച്ചാണ് ഞാൻ സത്യപ്രതിജ്ഞ ചെയ്തത്. കാരണം ഭഗവത് ഗീതയാണ് സേവനം അടിസ്ഥനാക്കിയ ഒരു നേതാവാകാൻ എന്നെ പ്രചോദിപ്പിച്ചത് എൻ്റെ ജീവിതം മറ്റുള്ളവരുടെയും എൻ്റെ രാജ്യത്തിൻ്റെയും സേവനത്തിനായി സമർപ്പിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും ഗീതാ വചനങ്ങളാണ് .” ആദ്യമായി കോൺഗ്രസിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഗബ്ബാർഡ് പറഞ്ഞ വാക്കുകളാണിത്.
അതെ സമയം ഗബ്ബാർഡിന് ഇന്ത്യയുമായി നേരിട്ടുള്ള ബന്ധമൊന്നും ഇല്ല എന്നതാണ് സത്യം . അവരുടെ പിതാവ് ഒരു അമേരിക്കൻ സമോവൻ പശ്ചാത്തലത്തിൽ നിന്നുള്ള ആളും അമ്മ പിന്നീട് ഹിന്ദുമതം സ്വീകരിച്ച വ്യക്തിയും ആണ്.
ഇന്ത്യാനയിൽ ജനിച്ചു ഗബ്ബാർഡിന്റെ അമ്മ വളർന്നത് മിഷിഗണിലായിരുന്നു . അതേസമയം അവരുടെ പിതാവ് യൂറോപ്പ്യൻ പശ്ചാത്തലം ഉള്ളയാളും ആയിരിന്നു കുട്ടിക്കാലത്ത് ഹവായിയിലും ഫ്ലോറിഡയിലുമാണ് ഗബ്ബാർഡ് താമസിച്ചിരുന്നത്. ഹവായിയിലേക്ക് താമസം മാറിയതിനുശേഷം, ഗബ്ബാർഡിൻ്റെ അമ്മയ്ക്ക് ഹിന്ദുമതത്തിൽ താൽപ്പര്യം വർദ്ധിക്കുകയും തൻ്റെ എല്ലാ കുട്ടികൾക്കും ഹിന്ദു പേരുകൾ നൽകുകയും ചെയ്തു.
ഹവായിയിലെ ഗബ്ബാർഡിൻ്റെ കുട്ടിക്കാലത്ത് തന്നെ ആയോധന കലകൾ, യോഗ എന്നിവയിൽ അവർ പരിശീലനം നേടിയിരുന്നു . അവരെ വളരെയധികം സ്വാധീനിച്ച പുണ്യ ഗ്രന്ഥമായ ഭഗവദ് ഗീതയിൽ നിന്ന് കർമ്മ സിദ്ധാന്തം പോലുള്ള ആത്മീയ തത്ത്വങ്ങൾ അവർ സ്വായത്തമാക്കി. ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസുമായി (ഇസ്‌കോൺ) ബന്ധമുള്ള വൈഷ്ണവ ഹിന്ദു സംഘടനയായ സയൻസ് ഓഫ് ഐഡൻ്റിറ്റി ഫൗണ്ടേഷൻ്റെ (SIF) പഠിപ്പിക്കലുകളോടെയാണ് അവർ വളർന്നത്. തന്റെ കൗമാരപ്രായത്തിൽ തന്നെ ഒരു ഹിന്ദു എന്ന സത്വ ബോധത്തിൽ തുളസി ഗബ്ബാർഡ് എത്തിച്ചേർന്നിരുന്നു.
ഹൈന്ദവ വിശ്വാസത്തെക്കുറിച്ച് പൊതുവേദികളിൽ തുറന്നു പറയാൻ മടികാണിക്കാത്ത ഗബ്ബാർഡ് 2013 ൽ ഭഗവദ്ഗീതയിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിന്നു.
രണ്ട് പതിറ്റാണ്ടിലേറെ യുഎസ് ആർമി നാഷണൽ ഗാർഡിൽ അംഗമായിരുന്നു തുളസി ഗബ്ബാർഡ്. ഈ കാലയളവിൽ അവർ ഇറാഖിലും കുവൈറ്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഹോംലാൻഡ് സെക്യൂരിറ്റി സംബന്ധിച്ച ഹൗസ് കമ്മിറ്റിയിലും അവർ രണ്ട് വർഷം സേവനമനുഷ്ഠിച്ചു.
2013 മുതൽ 2021 വരെ ഗബ്ബാർഡ് ഒരു ഡെമോക്രാറ്റായി ഹവായിയിലെ 2-ആം കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ചു. കോൺഗ്രസിൽ ഉണ്ടായിരുന്ന സമയത്ത്, ദേശീയ സുരക്ഷയ്ക്കും പൗരാവകാശത്തിനും ഉള്ള പ്രതിബദ്ധതയ്ക്ക് അവർ അംഗീകാരം നേടി
2020-ൽ, യുഎസ് വിദേശനയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, പ്രത്യേകിച്ച് സൈനിക ഇടപെടലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമലാ ഹാരിസിനെപ്പോലുള്ള വ്യക്തികളെ വെല്ലുവിളിച്ച്, ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിനായി അവർ മത്സരിച്ചു. ഡെമോക്രാറ്റിക് പാർട്ടി യുദ്ധത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സാധാരണ അമേരിക്കക്കാരുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും ഗബ്ബാർഡ് വിമർശിച്ചു.
2022 ആയപ്പോഴേക്കും ഗബ്ബാർഡ് ഡെമോക്രാറ്റിക് പാർട്ടി വിട്ടു. അവൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുകയും ഡൊണാൾഡ് ട്രംപിൻ്റെ പരസ്യമായ പിന്തുണക്കാരിയാകുകയും ചെയ്തു.
അഭിമാനിയായ റിപ്പബ്ലിക്കൻ എന്നും, നിർഭയയായ വ്യക്തിത്വം എന്നുമാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ആയി തുളസി ഗബ്ബാർഡിനെ നിയമിച്ചു കൊണ്ട് ട്രംപ് വിശേഷിപ്പിച്ചത്. അവരുടെ ഈ കഴിവുകൾ രാജ്യ സുരക്ഷയ്ക്ക് പ്രയോജനപ്പെടുമെന്നും ട്രംപ് ആശംസിച്ചു.
ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും സമാധാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അമേരിക്കൻ ഭരണഘടന ഉറപ്പു തരുന്ന അവകാശങ്ങൾ. സംരക്ഷിക്കാൻ ഗബ്ബാർഡിൻ്റെ നേതൃത്വം സഹായിക്കുമെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു.

