സ്കൂൾ ടീച്ചറിൽ നിന്നും ഇന്ത്യയിലെ അതി സമ്പന്ന യൂട്യൂബർ ആയി മാറിയിരിക്കുകയാണ് ഉത്തർ പ്രദേശ് സ്വദേശിനി നിഷ മധുലിക. വീട്ടിൽ തനിച്ചായപ്പോൾ ബോറടി മാറ്റാൻ ആരംഭിച്ച കുക്കിങ് ചാനലാണ് നിഷയുടെ ജീവിതം മാറ്റിയത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള വനിതാ യൂട്യൂബറാണ് നിഷ.
2011ൽ നിഷ ആരംഭിച്ച NishaMadhulika എന്ന യൂട്യൂബ് ചാനലിന് ഇന്ന് 14.5 മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട്. ഹിന്ദിയിലാണ് നിഷ പാചക വീഡിയോകൾ ചെയ്യുന്നത്. വ്യത്യസ്തവും എന്നാൽ എളുപ്പമുള്ളതുമായ ഇന്ത്യൻ വിഭവങ്ങളുടെ പാചകരീതി പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ പറയുന്നു എന്നതാണ് നിഷയുടെ കുക്കിങ് ചാനലിനെ വ്യത്യസ്തമാക്കുന്നത്. മിക്ക ചാനലുകളും വ്യൂവിങ് ടൈം കൂട്ടാൻ അനാവശ്യമായി വീഡിയോ വലിച്ചു നീട്ടുന്നിടത്ത് നിഷ വ്യത്യസ്തയാകുന്നു.
2017 സോഷ്യൽ മീഡിയ സമ്മിറ്റ് അവാർഡ്സിൽ മികച്ച കുക്കിങ് ചാനലിനുള്ള പുരസ്കാരം നിഷയ്ക്കായിരുന്നു. ദൈനിക് ഭാസ്കർ, അമർ ഉജാല തുടങ്ങിയ പത്രങ്ങളിൽ ഫുഡ് കോളമിസ്റ്റ് കൂടിയാണ് അറുപത്തഞ്ചുകാരിയായ നിഷ. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായ നിഷ ടാറ്റ ട്രസ്റ്റിന്റെ പ്രൊജക്റ്റ് ധ്രുവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.
Discussion about this post