പത്തനംതിട്ട: ശബരിമല തീർഥാടകരുടെയും യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച്, തിരുവനന്തപുരത്തുനിന്ന് നിസാമുദ്ദീൻ വരെ സർവീസ് നടത്തുന്ന തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. മണ്ഡലകാലം പരിഗണിച്ച് ഈ മാസം 16 മുതൽ അടുത്തമാസം 20 വരെയാണ് താൽക്കാലികമായി തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ നിസാമുദ്ദീണ എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകുകയും ചെയ്തിരുന്നെന്ന് എംപി പറഞ്ഞു.
യാത്രക്കാരുടെ എണ്ണവും വരുമാനവും അടിസ്ഥാനപ്പെടുത്തി ട്രെയിനിൻറെ സ്റ്റോപ്പ് ഡിസംബർ 20ന് ശേഷം സ്ഥിരപ്പെടുത്തുന്ന നടപടികളും റെയിൽവേ സ്വീകരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മണ്ഡലകാലത്ത് ശബരിമലയിലേക്കും തിരിച്ചും ട്രെയിൻ മാർഗം യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് റെയിൽവേയുടെ തീരുമാനം. ശബരിമല സീസൺ പരിഗണിച്ച് നിരവധി ട്രെയിനുകൾ കേരളത്തിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ഡലകാല തീർഥാടനത്തിന് ശബരിമല തയ്യാറെടുത്ത് കഴിഞ്ഞു. മണ്ഡല തീർത്ഥാടന കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുമെന്ന് ചെങ്ങന്നൂർ ജോയിൻറ് ആർ ടി ഒ അറിയിച്ചു. ചെങ്ങന്നൂരിലേക്കു സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ സ്റ്റേജ് കാരിയേജ് വാഹനങ്ങളും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സ്റ്റാൻഡിൽ തന്നെ ആളെ ഇറക്കണം. മദ്യപിച്ചുള്ള ഡ്രൈവിങ് അനുവദിക്കില്ല.
അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറുന്നതോ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിൻറെ ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ ശക്തമായ നടപടി എടുക്കും. സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള നിരക്കിൽ മാത്രം ഓട്ടോറിക്ഷകൾ സർവീസ് നടത്തേണ്ടതാണ്. അല്ലാത്തപക്ഷം വാഹനത്തിൻറെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും.
രാത്രി കാലങ്ങളിൽ ചെങ്ങന്നൂർ റെയിവേ സ്റ്റേഷനിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ, ടാക്സി വാഹനങ്ങൾ എന്നിവ വാഹനത്തിൻറെ എല്ലാ രേഖകളും ഡ്രൈവറുടെ ലൈസൻസുമടക്കം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ജോയിൻറ് ആർ ടി ഒ അറിയിച്ചു.
Discussion about this post