സൂറത്ത്: നരഭോജിയായ പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വനംവകുപ്പ്. നിരവധി ഗ്രാമങ്ങളെ ഭീതിയിൽ ആഴ്ത്തിയ പുള്ളിപ്പുലിക്കെതിരെയാണ് നടപടി. ഗുജറാത്തിലെ സൂറത്തിൽ കുറഞ്ഞ മാസങ്ങൾക്കുള്ളിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ നരഭോജിയായ പുള്ളിപ്പുലിയെയാണ് പുനരധി വാസ കേന്ദ്രത്തിൽ പാർപ്പിക്കാൻ തീരുമാനമായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെ മാണ്ഡ്വിയിലെ ഉഷ്കെർ ഗ്രാമത്തിൽ കരിമ്പ് പാടത്തിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരനെ പുള്ളിപ്പുലി പിടിക്കുകയായിരുന്നു.
ഇതേ പുള്ളിപ്പുലിതന്നെയാണ് സെപ്റ്റബറിൽ സമീപ മേഖലയായ അംറേലിയിൽ നിന്ന് രണ്ട് വയസുകാരനെ പിടികൂടിയതും.
ഇതേ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധം മേഖലയിൽ രൂപം കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പുള്ളിപ്പുലിയെ പിടികൂടാനുള്ള സജീവ ശ്രമങ്ങൾ ആരംഭിച്ചത്. മനുഷ്യർക്കെതിരെ നിരന്തര ആക്രമണം പതിവായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ ആനന്ദ് കുമാർ പറഞ്ഞു.
മനുഷ്യരെ സ്ഥിരമായി ആക്രമിക്കുന്ന സ്വഭാവം കാണിക്കുന്ന മൃഗങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നാണ് മാനദണ്ഡം. ഗ്രാമീണരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പത്തോളം കൂടുകളാണ് വനം വകുപ്പ് മേഖലയിൽ പുള്ളിപ്പുലിക്കായി സ്ഥാപിച്ചത്. ഒരു ആഴ്ചയിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് സൂറത്തിന് സമീപമുള്ള മാണ്ഡ്വിയിൽ നിന്ന് ഞായറാഴ്ച പുള്ളിപ്പുലിയെ വനം വകുപ്പ് കൂട്ടിലാക്കിയത്.
പുള്ളിപ്പുലിയെ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം തിരികെ കാട്ടിലേക്ക് വിടുമെന്ന ആലോചന വന്നതോടെ നാട്ടുകാർ ഇതിനെതിരെ പ്രധിഷേധം അറിയിച്ചു. ഇതിന് പിന്നാലെയാണ് പുള്ളിപ്പുലിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇനിയുള്ള കാലം പുള്ളിപ്പുലിയെ സാങ്ഖാവിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്.
Discussion about this post