പ്രയാഗ്‍രാജ്: ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന സംഗമമായ മഹാ കുംഭമേളയ്ക്കുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിൽ തകൃതി. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയിലേക്ക് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് തീർഥാടകരാണ് ഒഴുകിയെത്തുക. ഹൈന്ദവ വിശ്വാസപ്രകാരം, പുണ്യനദികളായ ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലെ സ്നാനമാണ് കുംഭമേളയുടെ പ്രധാന ആകർഷണം. ഇതുവഴി മോക്ഷം ലഭിക്കുമെന്നാണ് തീർത്ഥാടകരുടെ വിശ്വാസം.
2025 ജനുവരി 13ന് നടക്കുന്ന പൗഷ് പൗർണിമ സ്നാനത്തോടെയാണ് മഹാ കുംഭമേളയ്ക്ക് തുടക്കമാകുക. 45 ദിവസം നീണ്ടുനിൽക്കുന്ന മഹാ കുംഭമേളയ്ക്ക് മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് തിരശീല വീഴും. ജനുവരി 13നും ഫെബ്രുവരി 26നും പുറമേ, മകരസംക്രാന്തി ദിനമായ ജനുവരി 14 (ഒന്നാം ഷാഹി സ്നാനം), മൗനി അമാവാസി ദിനമായ ജനുവരി 29 (രണ്ടാം ഷാഹി സ്നാനം), വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്ന് (മൂന്നാം ഷാഹി സ്നാനം), മാകി പൂർണിമ ദിനമായ ഫെബ്രുവരി 12 എന്നീ തീയതികളിലാണ് പ്രധാന സ്നാനങ്ങൾ നടക്കുക.
പുണ്യസ്നാനത്തിന് പുറമേ, ഭജന, യോഗാസനം, ധ്യാനം, ആത്മീയ പ്രഭാഷണം തുടങ്ങിയവയാണ് മഹാ കുംഭമേളയിലെ മറ്റ് ചടങ്ങുകൾ. 2013ലാണ് ഏറ്റവും ഒടുവിൽ മഹാ കുംഭമേള നടന്നത്. 2019ൽ പ്രയാഗ്‍രാജിൽ ആറ് വർഷം കൂടുമ്പോൾ നടക്കുന്ന അർധ കുംഭമേള നടന്നിരുന്നു. പ്രയാഗ്‍രാജിന് പുറമേ, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക.
Discussion about this post