ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്തുന്നതിനായി വീണ്ടും യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് 12 മണിക്ക് ഡൽഹിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താൻ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂർ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം മാറ്റി വച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ തന്നെ മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഡൽഹിയിൽ അടിയന്തര യോഗം ചേർന്നത്. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും, വാധ്രയിലും നടത്തേണ്ടിയിരുന്ന റാലികൾ റദ്ദാക്കി രാജ്യ തലസ്ഥാനത്തെത്തിയ അമിത് ഷാ ഡൽഹിയിൽ തുടരും.
ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടികാഴ്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ സി ആർ പി എഫ് ഡിജി മണിപ്പൂരിലെത്താൻ തീരുമാനിച്ചു. കൂടുതൽ കേന്ദ്രസേനയെ സംഘർഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിട്ടുമുണ്ട്.
Discussion about this post