മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ പാടരുതെന്ന് പറഞ്ഞ ഗായകൻ ദിൽജിത്തിന് തെലുങ്കാന സർക്കാർ നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി താരം. രാജ്യത്തെ മദ്യശാലകൾ അടച്ചുപൂട്ടിയാൽ മദ്യത്തെ കുറിച്ചുള്ള പാട്ടുകൾ പാടുന്നത് അവസാനിപ്പിക്കാമെന്ന് താരം പറഞ്ഞു. ദിൽ ലുമിനാട്ടി എന്ന ഗായകന്റെ ഇന്ത്യ ടൂറിന്റെ ഭാഗമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചത്. ലൈവിൽ ഇത്തരം പാട്ടുകൾ പാടുന്നത് നിർത്തണമെന്നും നേരത്തെ ഇത്തരം ഗാനങ്ങൾ അവതരിപ്പിച്ചിരുന്നുവെന്നും നോട്ടീസിൽ പരാമർശിച്ചിരുന്നു.
ഇതേ തുടർന്ന് മദ്യം, മദ്യശാല എന്നീ വാക്കുകൾക്ക് പകരമായി നാരങ്ങവെള്ളം, ഫൈവ് സ്റ്റാർ എന്നുമാണ് താരം ഗാനത്തിൽ ഉപയോഗിച്ചത്. തുടർന്ന് ഞായറാഴ്ച നടന്ന അഹമ്മദാബാദ് ഷോയിൽ വെയ്ച്ചാണ് നിയന്ത്രണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. ‘സന്തോഷ വാർത്തയുണ്ട്. ഇന്ന് എനിക്ക് നോട്ടീസ് ഒന്നും ലഭിച്ചില്ല. അതിലും സന്തോഷകരമായ വാർത്ത എന്തെന്നാൽ ഞാൻ ഇന്ന് മദ്യത്തേക്കുറിച്ച് ഒറ്റ പാട്ട് പാടാൻ പോകുന്നില്ല. എന്താണെന്ന് ചോദിക്കൂ. ഗുജറാത്ത് ഒരു ഡ്രൈ സംസ്ഥാനമാണ്.’- ദിൽജിത്ത് പറഞ്ഞു.
‘നമുക്കൊരു കാര്യം ചെയ്യാം നമുക്കൊരു മുന്നേറ്റം നടത്താം. സംസ്ഥാനങ്ങളെല്ലാം മദ്യനിരോധനം ഏർപ്പെടുത്തിയാൽ അടുത്ത ദിവസം ഞാൻ മദ്യത്തേക്കുറിച്ച് പാടുന്നത് അവസാനിപ്പിക്കും. ഞാൻ പ്രതിജ്ഞ എടുക്കുകയാണ്. ഇത് സാധ്യമാകുമോ? മദ്യം വരുമാനത്തിന്റെ വലിയ ഭാഗമാകുമ്പോൾ. കോവിഡ് കാലത്ത് മദ്യശാലകൾ ഒഴികെ എല്ലാം അടച്ചുപൂട്ടി. നിങ്ങൾക്ക് ചെറുപ്പക്കാരെ പറ്റിക്കാനാവില്ല.’- ഗായകൻ കൂട്ടിച്ചേർത്തു.
എന്നോട് കളിക്കാൻ നിൽക്കരുത്. എന്റെ പാട്ടുകൾ പാടിയിട്ട് ഞാൻ അങ്ങ് പോകും. നിങ്ങൾ എന്തിനാണ് എന്നോട് പ്രശ്‌നത്തിനു വരുന്നത്. ഞാൻ നിരവധി ഭക്തി ഗാനങ്ങളാണ് പാടിയിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ട് ഭക്തി ഗാനങ്ങൾ ഞാൻ പുറത്തിറക്കി. എന്നിട്ടും അതേക്കുറിച്ച് ആരും പറയാത്തത് എന്താണെന്നും താരം ചോദിച്ചു.
Discussion about this post