ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും മന്ത്രിസഭയിൽനിന്നും കഴിഞ്ഞ ദിവസമാണ് ഗെഹ്‌ലോട്ട് രാജിവെച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടാർ ഉൾപ്പടെയുളള ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.
കേന്ദ്ര ഏജൻസികളുടെ ഒരുതരത്തിലുള്ള സമ്മർദ്ദവും ബിജെപിയിൽ ചേരാൻ കാരണമായിട്ടില്ലെന്നും, എംഎൽഎയായും മന്ത്രിയായും ഡൽഹിക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്, അണ്ണാ ഹസാരെയുടൈ കാലം മുതൽ ഞാൻ ആം ആദ്മിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നുവെന്നും ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിന് പകരം പാർട്ടി സ്വന്തം രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന തോന്നലുണ്ടായെന്നും കൈലാഷ് ഗെഹ്‌ലോട്ട് രാജിക്ക് മുൻപായി പറഞ്ഞിരുന്നു.
ഇന്നലെയാണ് കൈലാഷ് ഗെഹ്ലോട്ട് ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ചത്. രാജിക്കത്ത് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളിന് കൈമാറുകയും ചെയ്തിരുന്നു. ഡൽഹിയിലെ അതീഷി സർക്കാരിൽ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. എ.എ.പി മന്ത്രിസഭയിൽ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ രാജി.
Discussion about this post