ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയിൽ പണി പുരോഗമിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്ന്. 2014 നവംബർ 16ന് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ശിലാസ്ഥാപനം നടത്തിയ വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രത്തിന്റെ ഉയരം 700 അടിയാണ്. ഈ ക്ഷേത്രം പൂർത്തിയാകുമ്ബോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്ന് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഇസ്കോൺ ഭാരവാഹികൾ പറയുന്നു.
മഥുര സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാകുന്ന ഈ ക്ഷേത്രത്തിന് മുകളിൽ നിന്ന് താജ്മഹൽ പോലും കാണാനാകും വിധമാണ് നിർമ്മാണം.166 നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ആകൃതി പിരമിഡ് പോലെയായിരിക്കും. ക്ഷേത്രത്തിന്റെ ഏറ്റവും ഉയർന്ന നിലയ്‌ക്ക് ബ്രജ് മണ്ഡല ദർശൻ എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീമദ് ഭാഗവതത്തിലും മറ്റ് ഗ്രന്ഥങ്ങളിലും പരാമർശിച്ചിരിക്കുന്ന 12 വനങ്ങൾ ക്ഷേത്രത്തിന് ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്. 700 കോടിയിലധികം രൂപ ചെലവിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഭൂകമ്പത്തെയും കൊടുങ്കാറ്റിനെയും പോലും പ്രതിരോധിക്കാനാകും വിധമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്ബത്തെ പോലും അതിജീവിക്കാൻ ഈ ക്ഷേത്രത്തിന് കഴിയും. മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റിന് പോലും ക്ഷേത്രത്തെ തകർക്കാനാകില്ല. 70 ഏക്കറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാർ പാർക്കിംഗ്, ഹെലിപാഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ക്ഷേത്രം മുഴുവനും ദർശിക്കാൻ നാലു ദിവസമെങ്കിലും വേണ്ടി വരും. 10,000 ഭക്തർക്ക് ക്ഷേത്രത്തിൽ ഒരേസമയം ഒത്തുകൂടാം.
Discussion about this post