ഉഡുപ്പി: കമ്മ്യൂണിസ്റ്റ് ഭീകര ഉന്നത നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് നേതാവായിരുന്നു വിക്രം ഗൗഡ. ഏറ്റുമുട്ടലിനിടെ മൂന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് ഭീകരർ രക്ഷപ്പെട്ടു. ജയണ്ണ, വനജാക്ഷി, ലത എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ വനമേഖലയിൽ തുടരുകയാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു പ്രദേശത്ത് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ശൃംഗേരി, നരസിംഹാർജപുര, കർക്കല, ഉഡുപ്പി എന്നീ പ്രദേശത്ത് അടുത്തിടെയായി ഗൗഡയുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതോടെ ഭീകര വിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ സുരക്ഷാ സേന തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി സിതംബയ്‌ലുവിലെ വനമേഖലയിൽ എത്തി. ഇവിടെ പരിശോധന നടത്തുന്നതിനിടെ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹ പരിശോധനയിലാണ് കൊല്ലപ്പെട്ടത് വിക്രം ആണെന്ന് വ്യക്തമായത്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

