ജോർജ്ടൗൺ( ഗയാന): 56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി. നരേന്ദ്രമോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയും ഒരു ഡസനിൽ അധികം കാബിനറ്റ് മന്ത്രിമാരും അടങ്ങുന്ന സംഘം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ജോർജ്ജ്ടൗണിലെത്തിയ അദ്ദേഹത്തെ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി സ്വീകരിച്ചു. ഗ്രെനഡ പ്രധാനമന്ത്രിയുമായുള്ള രണ്ടാമത്തെ ഇന്ത്യ-കാരികോം മീറ്റിംഗിലും പ്രധാനമന്ത്രി മോദി സഹ അദ്ധ്യക്ഷനാകും. കരീബിയൻ കമ്മ്യൂണിറ്റിയായ കാരികോം, മേഖലയിലെ സാമ്പത്തിക സഹകരണവും ഏകീകരണവും വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുന്നു. 21 രാജ്യങ്ങളുണ്ട് ഇതിൽ. അതിൽ 15 അംഗരാജ്യങ്ങളും ആറ് അസോസിയേറ്റ് അംഗങ്ങളുമാണ്.
”പൈതൃകം, സംസ്‌കാരം, മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ അതുല്യ ബന്ധത്തിന് തന്ത്രപരമായ ദിശാബോധം നൽകുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഞങ്ങൾ കൈമാറും എന്ന് പ്രധാനമന്ത്രി മോദി തന്റെ സന്ദർശനത്തിന് മുന്നോടിയായി എക്‌സിൽ കുറിച്ചു.
ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രാദേശിക പങ്കാളിത്തം പര്യവേക്ഷണം ചെയ്യാനും സന്ദർശനം ലക്ഷ്യമിടുന്നു . മോദിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലാണെന്ന് ഗയാനയിലെ ഇന്ത്യൻ അംബാസഡർ അമിത് എസ്. തെലാങ് പറഞ്ഞു . 56 വർഷത്തിന് ശേഷം, ഈ സന്ദർശനം കാലക്രമേണ വളർന്നുവരുന്ന ശക്തമായ സൗഹൃദത്തെയും സഹകരണത്തെയും പ്രതിനിധീകരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post