ലഖ്‌നൗ: ഉത്തർപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് യുവതിയെ കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ കഞ്ചാര ഗ്രാമത്തിനടുത്തുള്ള വയലിൽ ആണ് ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർഹാൽ സ്വദേശിനിയായ 23 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. മകളെ തട്ടിക്കൊണ്ടുപോയതായി കൊല്ലപ്പെട്ട യുവതിയുടെ പിതാവ് കർഹാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
കർഹാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ പിതാവിന്റെ പരാതി. തപ കി നഗരിയയിലെ താമസക്കാരനായ സമാജ്‌വാദി പാർട്ടി പ്രവർത്തകൻ പ്രശാന്ത് യാദവ് ആണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നും പിതാവ് പരാതി ഉന്നയിക്കുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ ദളിത് യുവതിയെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് ഡോക്ടർ മോഹൻ കതേരിയ എന്ന മറ്റൊരാളുടെ സഹായത്തോടെ യാദവ് വിഷം നൽകി കൊല്ലുകയും ചെയ്തു എന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. പ്രതികളായ ഡോ. മോഹൻ കതേരിയ, പ്രശാന്ത് യാദവ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ സമാജ്‌വാദി പാർട്ടിക്കെതിരെ ഉത്തർപ്രദേശിൽ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്.

