ന്യൂഡൽഹി: യുഎസ് സർക്കാർ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്. തങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നും പുറത്ത് വരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. പുറത്തുവരുന്ന വിവരങ്ങളെ വെറും ആരോപണങ്ങൾ മാത്രമായി കാണണം. ഇത് സംബന്ധിച്ച നിയമനടപടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട് എന്നും കമ്പനി അറിയിച്ചു.
‘അദാനി ഗ്രീനിന്റെ ഡയറക്ടർമാർക്കെതിരെ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഭരണത്തിന്റെയും സുതാര്യതയുടെയും ഏറ്റവും ഉയർന്ന നിലവാരം തങ്ങൾ നിലനിർത്തിയിട്ടുണ്ട്,’ അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് തന്നെ കുറ്റപത്രത്തിലെ വിവരങ്ങൾ ആരോപണങ്ങളാണ് എന്ന് പറഞ്ഞിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികൾ നിരപരാധികളായി കണക്കാക്കപ്പെടുന്നു. സാധ്യമായ എല്ലാ നിയമസഹായങ്ങളും തേടും എന്നും അദാനി ഗ്രൂപ്പ് അതിന്റെ പ്രവർത്തനങ്ങളുടെ അധികാരപരിധിയിലുടനീളവും സുതാര്യതയും നിയമവ്യവസ്ഥിതിയും ഏറ്റവും ഉയർന്ന നിലവാരത്തിൽ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നും പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ പങ്കാളികൾക്കും ജീവനക്കാർക്കും ഇക്കാര്യം ഉറപ്പുനൽകുന്നു എന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.
നിയമം അനുസരിക്കുന്ന സ്ഥാപനമാണ് തങ്ങളുടേത് എന്നും അതിനാൽ എല്ലാ നിയമങ്ങളും പൂർണ്ണമായും പാലിക്കാറുണ്ട് എന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം അദാനിയുടെ വാദങ്ങളെ പിന്തുണച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സംഭവവികാസങ്ങൾ അധികാരപരിധിയുടെ ദുരുപയോഗമാണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ അഭിപ്രായപ്പെട്ടു.
Discussion about this post