ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർഥി ജന്മദിന ദിവസം അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. തെലങ്കാന ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡി (23) ആണ് മരിച്ചത്. തന്റെ തോക്കിൽനിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. യുവാവിന്റെ മൃതദേഹം ഇന്ന് രാത്രി തെലങ്കാനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നവംബർ 13നായിരുന്നു സംഭവമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മരിച്ച ആര്യൻ റെഡ്ഡി ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. വേട്ടക്കുപയോഗിക്കുന്ന ലൈസൻസുള്ള തോക്ക് സ്വന്തമായുള്ള ആര്യൻ റെഡ്ഡി പിറന്നാൾ ദിനത്തിൽ ഈ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ അമേരിക്കയിൽ വിദ്യാർഥികൾക്കും വേട്ടയാടാനുള്ള തോക്ക് ലൈസൻസ് നേടാനാകുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ആര്യൻ റെഡ്ഡിയുടെ പിതാവ് പറഞ്ഞു. മക്കൾ ഇങ്ങനെ വിദേശത്ത് പഠിക്കുമ്പോൾ അവർ തോക്ക് ലൈസൻസ് നേടുന്നതിനെക്കുറിച്ച് മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post