പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഫലമറിയാൻ നിമിഷങ്ങൾ മാത്രം നിലനിൽക്കെ വിജയപ്രതീക്ഷ പങ്കുവെച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇത്തവണ തിരിച്ചുകൊണ്ടുവരുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. പല്ലശ്ശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാർ. ഇത്തവണ വിജയിക്കുമെന്ന ഉറപ്പിലാണ്. ഭൂരിപക്ഷം 5000ത്തിലധികം ഉണ്ടാവും. പ്രതീക്ഷിക്കുന്ന പോലെ അടിയൊഴുക്ക് ഉണ്ടായാൽ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സി കൃഷണകുമാർ പറഞ്ഞു.
നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒൻപതുമണിയോടെ ആദ്യഫല സൂചനകൾ പുറത്തുവരും.
അതേസമയം, കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുണ്ടായ വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിർണായകമാണ്.
മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പാണ് എൽഡിഎഫും സിപിഎമ്മും ലക്ഷ്യംവയ്ക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.
Discussion about this post