വയനാട്: വയനാട്ടിൽ എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെയെന്ന് ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്. സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം മാത്രമെന്നും നവ്യ പറഞ്ഞു.
പേര് പോലെ തന്നെ നവ്യ ഹരിദാസ് വയനാട്ടുകാർക്ക് പുതുമുഖമായിരുന്നു. എന്നാൽ വയനാട്ടിലേക്ക് വികസനത്തിന്റെ പുത്തൻപാത തുറക്കാൻ നവ്യയ്ക്കു സാധിക്കുമെന്നാണ് എൻഡിഎ ഉറപ്പു നൽകുന്നത്. വേഗത്തിൽ വയനാട്ടുകാർക്ക് സുപരിചിതയാകാൻ നവ്യയ്ക്കു സാധിച്ചു. 9 വർഷമായി കോഴിക്കോട് കോർപറേഷൻ കൗൺസിലറായി പ്രവർത്തിക്കുന്ന നവ്യയ്ക്കു ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്. ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത പ്രിയങ്ക ഗാന്ധിയെക്കാൾ എന്തുകൊണ്ടും ജനങ്ങൾക്കുേവണ്ടി പ്രവർത്തിക്കാൻ യോഗ്യയായത് നവ്യ ഹരിദാസാണെന്ന് എൻഡിഎ പറയുന്നു.
കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിന് എൻഡിഎ സ്ഥാനാർഥി ജയിച്ചേ മതിയാകൂ എന്നതാണു നവ്യയുടെ നിലപാട്. .
മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തിയിരുന്ന നവ്യ, ആരാധനാലയങ്ങളും തുടർച്ചയായി സന്ദർശിച്ചിരുന്നു. ആദിവാസി വോട്ടർമാെരയും ചേർത്തു പിടിച്ചാണ് വോട്ടഭ്യർത്ഥിച്ചിരുന്നത്. ജനങ്ങൾക്കൊപ്പം മണ്ഡലത്തിലുണ്ടാകുന്ന, വികസന പ്രവർത്തനം നടത്താൻ കഴിവുള്ള ആളെയാണ് ജനം തേടുന്നതെന്നും ഇത്തവണ വയനാട്ടിൽ ജയിക്കുമെന്നുമാണു നവ്യയുടെയും ബിജെപിയുടെയും വിശ്വാസം.
Discussion about this post