രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വരെ സ്വർണ പണയ വായ്പ നൽകുന്നുണ്ട്. പലപ്പോഴും ഒരു വർഷത്തെ കാലാവധി അടിസ്ഥാനത്തിലായിരിക്കും ബാങ്കിംഗ് സ്ഥാപനങ്ങൾ സ്വർണ്ണ വായ്പ നൽകുക. ഈ കാലാവധി കഴിഞ്ഞാൽ മുഴുവൻ തുകയും അടച്ച് സ്വർണം തിരികെയെടുക്കുകയോ പലിശ മാത്രം അടച്ച് ഒരു വർഷത്തേക്ക് കൂടി പുതുക്കി വെയ്ക്കുകയോ ആണ് ചെയ്യാറുള്ളത്. അങ്ങനെ ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ ഇത് അറിഞ്ഞിരിക്കണം.
സ്വർണ്ണപ്പണയ വായ്പകൾ പ്രതിമാസ തിരിച്ചടവ് രീതിയിലേക്ക് കൊണ്ടുവരാനാണ് ബാങ്കിംഗ് സ്ഥാപനങ്ങളുടെ നീക്കം. ഇന്ത്യയിലെ പല ബാങ്കിംഗ് സ്ഥാപനങ്ങളും സ്വർണ്ണപ്പണയം വായ്പ നൽകുന്നതിൽ ചട്ടങ്ങൾ പാലിക്കുന്നില്ല എന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തലിനെ തുടർന്നാണ് ബാങ്കിംഗ് സ്ഥാപനങ്ങൾ രീതി മാറ്റാനായി ഒരുങ്ങുന്നത്.
അങ്ങനെയെങ്കിൽ സ്വർണ്ണ പണയ വായ്പ ഇനി പ്രതിമാസം നിശ്ചിത തുകയായി അടയ്ക്കേണ്ടി വരും. നിലവിലും ഈ സംവിധാനമുണ്ടെങ്കിലും മിക്ക ഇടപാടുകാരും അവസാനനിമിഷം പുതുക്കിവയ്ക്കുകയോ സ്വർണം തിരിച്ചെടുക്കുകയോ ആണ് ചെയ്യാറുള്ളത്. സ്വർണ വായ്പാവിതരണത്തിൽ കെവൈസി ചട്ടം, ക്യാഷ് പരിധി, എൽടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങിയ ചട്ടങ്ങൾ പാലിക്കുന്നതിൽ പല ബാങ്കിംഗ് സ്ഥാപനങ്ങളും വീഴ്ച വരുത്തുന്നുണ്ട് എന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്. വായ്പ തിരിച്ചടവ് ഇഎംഐ രീതിയിലേക്ക് മാറുകയാണെങ്കിൽ പ്രതിമാസം തിരിച്ചടയ്ക്കാനുള്ള ശേഷി വായ്പ എടുക്കുന്നയാൾക്ക് ഉണ്ടോ എന്നുള്ള കാര്യം ബാങ്കുകൾ പരിശോധിക്കേണ്ടതായി വരും. സ്വർണ്ണം പണയം വെയ്ക്കുന്നതിന് മുൻപ് ഉപഭോക്താവിന് നിശ്ചിത വരുമാനം ഉണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തത വരുത്തി ആയിരിക്കും ബാങ്കിംഗ് സ്ഥാപനങ്ങൾ ഇനി സ്വർണ്ണപ്പണയ വായ്പ നൽകാൻ സാധ്യതയുള്ളത്.
Discussion about this post