പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. ഇന്ത്യ മുന്നോട്ട് വെച്ച 534 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 238 റൺസിൽ പുറത്താവുകയായിരുന്നു. ഇതോടെ 295 റൺസിന്റെ ചരിത്ര ജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും ഹർഷിത് റാണയും നിതീഷ് കുമാറും ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
534 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയയെ തുടക്കം മുതൽ വിറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. യുവ ഓപ്പണർ നതാൻ മക്സ്വീനിയെ ജസ്പ്രീത് ബുംറ ഡക്കാക്കി. മൂന്നാം നമ്പറിലിറങ്ങിയ നായകൻ പാറ്റ് കമ്മിൻസ് 2 റൺസുമായി മടങ്ങി. മുഹമ്മദ് സിറാജാണ് കമ്മിൻസിനെ പുറത്താക്കിയത്. മാർനസ് ലബ്യുഷെയ്നെ (3) ബുംറ എൽബിയിൽ കുടുക്കിയതോടെ മൂന്ന് വിക്കറ്റിന് 12 എന്ന നിലയിലാണ് മൂന്നാം ദിനം ഓസീസ് കളി അവസാനിപ്പിച്ചത്.
നാലാം ദിനം സ്റ്റീവ് സ്മിത്തിനെയും (17) ഉസ്മാൻ ഖാജയേയും (4) മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ 79ന് 5 എന്ന നിലയിലേക്ക് ഓസീസ് തകർന്നു. ഒരുവശത്ത് ട്രാവിസ് ഹെഡ് ഇന്ത്യക്ക് ഭീഷണി ഉയർത്തി. 89 റൺസെടുത്ത ഹെഡിനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. ഇതോടെ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവന്നു. ഒരുവശത്ത് പിടിച്ചുനിന്ന മിച്ചൽ മാർഷിനെ (47) നിതീഷ് കുമാർ ക്ലീൻബൗൾഡ് ചെയ്തു. മിച്ചൽ സ്റ്റാർക്കിനേയും (12) നതാൻ ലിയോണേയും (0) വാഷിങ്ടൺ സുന്ദർ പുറത്താക്കിയപ്പോൾ അലക്‌സ് ക്യാരിയെ (36) ക്ലീൻബൗൾഡാക്കി ഹർഷിത് റാണ ഓസീസിന്റെ അവസാന വിക്കറ്റും വീഴ്ത്തി. ഇതോടെ 238 റൺസിൽ ഓസീസ് ഓൾഔട്ടായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 150 റൺസിൽ ഇന്ത്യ പുറത്തായി. യശ്വസി ജയ്സ്വാളും (0) ദേവ്ദത്ത് പടിക്കലും (0) വിരാട് കോലിയും (5) ദ്രുവ് ജുറേലും (11) വാഷിങ്ടൺ സുന്ദറുമെല്ലാം (4) നിരാശപ്പെടുത്തി. നിതീഷ് കുമാർ റെഡ്ഡി (41), റിഷഭ് പന്ത് (37) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ 150 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഓസീസിനായി ജോഷ് ഹെയ്സൽവുഡ് നാല് വിക്കറ്റും മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
150ലൊതുങ്ങിയ ഇന്ത്യയുടെ ബൗളർമാർ ശക്തമായി കംഗാരുക്കളെ തിരിച്ചടിച്ചു. ഇതോടെ ആതിഥേയായ ഓസീസ് തട്ടകത്തിൽ 104 റൺസിൽ കൂടാരം കയറി. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകർത്തത്. 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്‌കോറർ. അലക്സ് ക്യാരി 21 റൺസും ട്രാവിസ് ഹെഡ് 11 റൺസും നേടി. ഓസീസിന്റെ വമ്പന്മാരെല്ലാം വിറച്ചു. സ്റ്റീവ് സ്മിത്ത് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയിൽ ഗോൾഡൻ ഡെക്കായി. ഉസ്മാൻ ഖാജ 8 റൺസിലും നതാൻ മക്സ്വീനി 10 റൺസെടുത്തും പുറത്തായി. മാർനസ് ലബ്യുഷെയ്ൻ 2 റൺസാണ് നേടിയത്. മിച്ചൽ മാർഷിന് 6 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഹർഷിത് റാണ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. നായകനെന്ന നിലയിൽ ബുംറ മുന്നിൽ നിന്ന് നയിച്ചു.
ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ വലിയ സ്‌കോറിലേക്കെത്തിച്ചത് യശ്വസി ജയ്സ്വാളും വിരാട് കോലിയും ചേർന്നാണ്. 297 പന്തിൽ 15 ഫോറും 3 സിക്സും ഉൾപ്പെടെ 161 റൺസോടെ റെക്കോഡ് പ്രകടനമാണ് ജയ്സ്വാൾ കാഴ്ചവെച്ചത്. കെ എൽ രാഹുൽ 77 റൺസും നേടി. ഒന്നാം വിക്കറ്റിൽ 201 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ ഇന്ത്യൻ ഓപ്പണർമാർക്കായി. ദേവ്ദത്ത് പടിക്കൽ നിലയുറപ്പിച്ചെങ്കിലും 25 റൺസെടുത്ത് മടങ്ങി. റിഷഭ് പന്ത് നിരാശപ്പെടുത്തി. 1 റൺസെടുത്ത റിഷഭ് ക്രീസിൽ നിന്ന് കയറിക്കളിക്കവെ അലക്സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. ദ്രുവ് ജുറേൽ 1 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി വിരാട് കോലി 143 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പെടെ പുറത്താവാതെ 100 റൺസ് നേടി. വാഷിങ്ടൺ സുന്ദർ 29 റൺസ് നേടിയപ്പോൾ നിതീഷ് കുമാർ റെഡ്ഡി 27 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 38 റൺസോടെ പുറത്താവാതെ നിന്നു. ഇതോടെ 6 വിക്കറ്റിന് 487 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 534 റൺസ് വിജയലക്ഷ്യം കംഗാരുക്കൾക്ക് മുന്നിൽവെച്ചു.
Discussion about this post