ഹൈദരാബാദ്: ചർച്ചയായി ഇ – കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്കാർട്ടിന്റെ മാന്ത്രിക പരസ്യം. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫ്‌ലിപ്കാർട്ട് കഴിഞ്ഞദിവസം പത്രങ്ങളിൽ പരസ്യം നൽകിയത്. ഒരു നനഞ്ഞ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് പത്രങ്ങളിൽ വന്ന ഫ്‌ലിപ്പ്കാർട്ടിന്റെ പരസ്യം ചെറുതായി തുടച്ചാൽ ഏറ്റവും പുതിയ ഓഫറുകൾ വായിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു പത്രപ്പരസ്യം പ്രിന്റ് ചെയ്തത്.
ചെറിയൊരു മാജിക് രൂപത്തിൽ അവതരിപ്പിച്ച പരസ്യം വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റി.നനഞ്ഞ ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ച പത്രം ഉണങ്ങിയാൽ വീണ്ടും പരീക്ഷണം നടത്താൻ സാധിക്കുമായിരുന്നു. കുട്ടികൾക്കും ഇത് ഏറെ രസകരമായ ഒരു അനുഭവമായി മാറി. മുംബൈ, ബംഗളൂരു, ഡൽഹി എഡിഷനുകളിൽ ആയിരുന്നു പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്.
അത്യാവശ്യ സാധനങ്ങൾ അവസാന നിമിഷം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ എത്തിച്ചു നൽകുന്ന സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടിയാണ് ഈ പരസ്യം ഫ്‌ലിപ്കാർട്ട് പ്രസിദ്ധീകരിച്ചത്. ഫ്‌ലിപ്കാർട്ടിലെ മാർക്കറ്റിംഗ് ആൻഡ് മീഡിയ വിഭാഗം മേധാവി പ്രതീക് ഷട്ടിയും പരസ്യ ഏജൻസിയായ ലിയോ ബർണറ്റിലെ ക്രിയേറ്റീവ് വിഭാഗവുമാണ് ഈ പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.
പത്രങ്ങളുടെ സർക്കുലേഷൻ കുറയുന്നു എന്ന പ്രചരണങ്ങൾക്കിടെ വളരെ വ്യത്യസ്തമായി പത്ര പരസ്യം നൽകിയതിലൂടെ പത്രമേഖലക്ക് ആകെ ഒരു ഉണർവ് നൽകുന്നത് ആയിരുന്നു ഫ്‌ലിപ്കാർട്ടിന്റെ നീക്കം. സാധാരണ ഒരു ഫുൾ പേജ് ജാക്കറ്റ് പരസ്യത്തിന് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഒരു എഡിഷനിൽ പത്രം ഈടാക്കുക. രാജ്യത്തെ ആകെ 17000 പത്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് ആകെ 40 കോടി വരിക്കാറുണ്ട്.
Discussion about this post