പാലാ: പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കൾ കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ്‌കൂൾ കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ പാലാ നഗരസഭ ജാഗ്രത പാലിക്കണമെന്നും ഇന്നുതന്നെ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പാലാ മുനിസിപ്പൽ വികസന ജനകീയ സമിതി ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനകം ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സ്‌കൂൾ കുട്ടികളെവരെ പങ്കെടുപ്പിച്ചുകൊണ്ട് മുനിസിപ്പൽ ഓഫീസിനു മുമ്പിൽ ബൗ-ബൗ സമരം 29 വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് സമിതി ചെയർമാൻ അഡ്വ. സന്തോഷ് കെ. മണർകാട്ട് പ്രസ്താവിച്ചു.
തെരുവുനായ പ്രശ്നത്തെ മുനിസിപ്പൽ ഭരണ സമിതി പൂർണ്ണമായും അവഗണിക്കുന്നതിനാൽ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കുമാണ് ഭീഷണി ഉയരുന്നത്. അതിനാൽ ഭരണകൂടത്തിന്റെ അടിയന്തരശ്രദ്ധ പിടിച്ചുപറ്റാൻ ആണ് ബൗ ബൗ സമരം എന്ന വ്യത്യസ്ത ആശയം തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് സമരപ്രഖ്യാപനം നടത്തിയ പാലാ മുനിസിപ്പൽ വികസന ജനകീയ സമിതി ചെയർമാൻ അഡ്വക്കേറ്റ് സന്തോഷ് മണർകാട് വ്യക്തമാക്കുന്നു. പതിവ് ശൈലിയിലുള്ള മുദ്രാവാക്യങ്ങൾ വിളികൾ ഒഴിവാക്കി മുനിസിപ്പൽ ഓഫീസിന്റെ കവാടത്തിൽ നിന്ന് പട്ടി കുരയ്ക്കുന്നതുപോലെയുള്ള ബൗ ബൗ സ്വരം പുറപ്പെടുവിച്ചുകൊണ്ട് നഗരസഭ ചെയർമാന്റെ ചെമ്പറിലേക്ക് പ്രതിഷേധക്കാർ നീങ്ങും.
ജനങ്ങളോട് പരിഗണനയില്ലാത്ത ഭരണസമിതിയാണ് നാട് ഭരിക്കുന്നത്. വ്യവസ്ഥാപിത സമരമാർഗങ്ങളെ അവഗണിച്ച് മുന്നോട്ടുപോകുന്ന ഇവർക്ക് അവഗണിക്കാനാവാത്ത വിധം ഒരു പ്രതിഷേധം സംഘടിപ്പിക്കുക എന്ന ചിന്തയാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആശയത്തിൽ എത്തിച്ചേരാനും ബൗ ബൗ സമരം പ്രഖ്യാപിക്കാനും തങ്ങളെ നിർബന്ധിതരാക്കിയത്. ചെയർമാനെ നോക്കി കുരയ്ക്കേണ്ട ഗതികേട് ജനങ്ങൾക്കുണ്ടാക്കി വെച്ച ഭരണകൂടമാണ് പാലാ ഭരിക്കുന്നത് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സമരം എന്നും അഡ്വക്കേറ്റ് സന്തോഷ് മണർകാട് വ്യക്തമാക്കി.
Discussion about this post