കൊച്ചി: ശബരിമലയിലെ അയ്യപ്പഭക്തരിൽ നിന്നും അമിതമായി അനധികൃത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമല തീർത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ധാരാളം ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിർദേശം. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുകൾക്കാണ് നിർദേശം. നിശ്ചിത ഇടവേളകളിൽ ശബരിമലയിലെ കടകളിൽ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ ഉടൻ കർശന നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
ദേവസ്വം ബോർഡിനോട് വിവരങ്ങൾ ആരാഞ്ഞശേഷമാണ് ഹൈക്കോടതി പരിശോധന സംബന്ധിച്ച നിർദേശം നൽകിയത്. ശബരിമല ക്ഷേത്ര തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തിലും എക്സിക്യൂട്ടീവ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
പരിശോധനക്ക് ശേഷം നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. വിഷയങ്ങൾ നാളെ വീണ്ടും പരിഗണിക്കും. അതേസമയം ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത സംഭവത്തിലും കോടതി വിമർശനം ഉന്നയിച്ചു. പൊലീസിൻറെ ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post