ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അധിക്ഷേപിച്ചതിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ സംവിധായകൻ രാംഗോപാൽ വർമ്മ ഒളിവിൽ. ഇതേ തുടർന്ന് സംവിധായകന് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാം ഗോപാൽ വർമ്മയെ പിടികൂടുന്നതിനായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
രാം ഗോപാൽ വർമ്മയുടെ വീടിന് മുൻപിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളും പോലീസ് നിരീക്ഷണത്തിലാണ്. അറസ്റ്റ് ഭയന്ന് അദ്ദേഹം തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
രണ്ട് ആഴ്ച മുൻപ് ആയിരുന്നു രാംഗോപാൽ വർമ്മയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. സോഷ്യൽ മീഡിയയിൽ ചന്ദ്രബാബു നായിഡു, പവൻ കല്യാൺ, നാരാ ലോകേഷ്, ഭാര്യ ബ്രാപഹ്‌മണി എന്നിവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡിടിപി പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ രാംഗോപാൽ വർമ്മ അറസ്റ്റിൽ നിന്നും സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഇത് തള്ളിയ കോടതി പോലീസിന് മുൻപാകെ ഹാജരാകാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകുകയായിരുന്നു.

