പത്തനംതിട്ട: ശബരിമല പൊലീസ് ചീഫ് കോഡിനേറ്ററുടെയും സ്‌പെഷ്യൽ ഓഫീസറുടെയും സെലക്ഷൻ ആര് നടത്തിയതായാലും അത് ഒരു തെറ്റായ നടപടിയായാണ് ഇപ്പോൾ മാറിയിരിക്കുന്നത്. പതിനെട്ടാം പടിയിൽ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ട് വലിയ വിവാദങ്ങൾക്ക് വഴി വയ്ക്കുകയാണ്. പതിനെട്ടാം പടിയിൽ തിരിഞ്ഞുനിന്ന് പൊലീസ് ഉദ്യോഗസ്ഥർ ചിത്രമെടുത്തത് തെറ്റായ നടപടിയാണ്. തിങ്കളാഴ്ചയാണ് വിവാദഫോട്ടോ ഷൂട്ട് നടന്നത്. ശബരിമല ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു.
തന്ത്രിയടക്കമുള്ള ആചാര്യന്മാർ പോലും നടയടച്ച് ഇറങ്ങുമ്പോൾ പുറകോട്ടാണ് ഇറങ്ങുന്നത്. ആചാര ലംഘനം നടത്തിയ ഉദ്യോഗസ്ഥന്മാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോസ്ഥർക്ക് ഇങ്ങനെ ആചാരലംഘനം നടത്താൻ ഒത്താശ നൽകിയതിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവരും വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ ശബരിമലയിലെ പൊലീസ് ചീഫ് കോഡിനേറ്ററുടെ ചുമതലയുള്ള എഡിജിപി എസ്.ശ്രീജിത് സന്നിധാനം സ്‌പെഷ്യൽ ഓഫീസറോട് വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും കുറ്റം സ്‌പെഷ്യൽ ഓഫീസറുടെ മാത്രം തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നാണ് പൊലീസിനുള്ളിൽ ഉയർന്നിരിക്കുന്ന വിമർശനം. സംഭവത്തിൽ സ്‌പെഷ്യൽ ഓഫീസർക്കും എഡിജിപിക്കും തുല്യ ഉത്തരവാദിത്തമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ഫോട്ടോ ഷൂട്ട് വിവാദമായതോടെ സംസ്ഥാന പൊലീസ് മേധാവിക്കും ഇനി ഒഴിഞ്ഞ് മാറാൻ കഴിയുകയില്ല. കാരണം, ഡിജിപി ഉൾപ്പെടെ ‘ചില’ ഉന്നതകേന്ദ്രങ്ങൾ പ്രത്യേക താൽപ്പര്യമെടുത്താണ് ശ്രീജിത്തിന് പൊലീസ് ചീഫ് കോഡിനേറ്ററുടെ ചുമതല നൽകിയതെന്നാണ് പുറത്ത് വരുന്ന വിവരം. മുൻപ് ശബരിമലയിൽ യുവതികളെ ഹെൽമറ്റ് ധരിപ്പിച്ച് പ്രവേശിപ്പിച്ച എസ് ശ്രീജിത്തിനെ തന്നെ വീണ്ടും ശബരിമലയിലെ പൊലിസിന്റെ ചുമതല നൽകിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
Discussion about this post