ടെൽ അവീവ്: ലെബനനുമായി വെടിനിർത്തലിന് സമ്മതിച്ച് ഇസ്രായേൽ. 27ന് പ്രാദേശിക സമയം പുലർച്ചെ നാലു മണിമുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരും. ഇസ്രായേലിൻ്റെ സുരക്ഷാ മന്ത്രിസഭ ആണ് 60 ദിവസത്തേക്ക് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്. ഇറാൻ ഉയർത്തുന്ന ഭീഷണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനുള്ള തീരുമാനപ്രകാരമാണ് ഇസ്രായേലിൻ്റെ ഇപ്പോഴത്തെ നടപടി. വെടിനിർത്തൽ കരാർ ഇസ്രായേൽ നടപ്പാക്കുമെന്നും കരാർ ലംഘിച്ചാൽ ശക്തമായ മറുപടി നൽകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഹിസ്ബുള്ള നേതൃത്വം അറിയിച്ചു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിൽനിന്ന് പിൻവാങ്ങും. ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ള തങ്ങളുടെ ഫൈറ്റർമാരെ ലാറ്റിനി നദിക്ക് വടക്കുനിന്നും പിൻവലിക്കും. വെടിനിർത്തലിൻ്റെ ദൈർഘ്യം ലെബനനിൽ സംഭവിക്കുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. വെടിനിർത്തൽ കരാർ തങ്ങൾ നടപ്പാക്കും. കരാർ ലംഘിച്ചാൽ ശക്തമായ മറുപടി നൽകും. വിജയം നേടുംവരെ തങ്ങൾ ഏകകണ്ഠമായി തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. സന്തോഷകരമായ വാർത്തയാണെന്നും മേഖലയിലെ സംഘർഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിർത്തലെന്നും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.
വെടിനിർത്തലിന് മൂന്ന് കാരണം
ഇറാൻ ഉയർത്തുന്ന ഭീഷണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള ഒന്നാമത്തെ കാരണമെന്ന് നെതന്യാഹു പറഞ്ഞു. രണ്ടാമത്തെ കാരണം, ഇസ്രായേൽ സേനയ്ക്ക് വിശ്രമം നൽകുകയും ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടും നിറയാക്കാനുമാണ്. ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നതിൽ വലിയ താമസങ്ങളുണ്ടായിട്ടുണ്ട്. ഇത് ഉടൻ പരിഹരിക്കപ്പെടും. ഇസ്രായൽ സൈന്യത്തെ സുരക്ഷിതമാക്കാനും യുദ്ധം പൂർത്തിയാക്കാനുമായി കൂടുതൽ ആക്രമശേഷിയുള്ള ആധുനിക ആയുധങ്ങൾ ലഭിക്കും.
മൂന്നാമത്തെ കാരണം, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നതാണ്. ഇസ്രായേലുമായുള്ള യുദ്ധത്തിന്റെ രണ്ടാം ദിവസം മുതൽ ഹിസ്ബുള്ളയും ഒപ്പം കൂടുമെന്ന് ഹമാസ് പ്രതീക്ഷിച്ചു. ഹിസ്ബുള്ള ഇപ്പോൾ ചിത്രത്തിൽ ഇല്ലാത്തതിനാൽ ഹമാസ് ഒറ്റയ്ക്കാണ്. ബന്ധികളെ മോചിപ്പിക്കുന്നതിനായി ഹമാസിനെതിരെ ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ 3,700 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ സാധാരണക്കാരും ഉൾപ്പെടുന്നു. കൂടാതെ, ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല അടക്കം ഉന്നത കമാൻഡർമാരും കൊല്ലപ്പെട്ടു.
Discussion about this post