മുംബൈ: ഇന്ത്യ-യുഎഇ വിമാനയാത്രയിൽ ബാഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത വസ്തുക്കളെ കുറിച്ച് യാത്രക്കാർ അറിഞ്ഞിരിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ.
എയർപോർട്ട് സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും ചെക്ക്-ഇൻ ബാഗേജിൽ അനുവദനീയമല്ലാത്ത ഇനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും ലഗേജ് നിയന്ത്രണങ്ങൾ പാലിക്കണം എന്നും കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ വ്യക്തമാക്കി.
ഇന്ത്യൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഇന്ത്യ-യുഎഇ യാത്രയിൽ കൊണ്ടുപോകാവുന്ന സാധനങ്ങളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ നൽകുന്ന മാർഗനിർദേശങ്ങൾ മനസിലാക്കണം എന്ന് അധികൃതർ വ്യക്തമാക്കി. ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.
അതിനാൽ നിരോധിത വസ്തുക്കൾ ഏതൊക്കെയാണ് എന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എല്ലാ രാജ്യാന്തര യാത്രകളിലെയും പോലെ ഇറങ്ങുന്ന നഗരത്തിന്റെയോ രാജ്യത്തിന്റെയോ കസ്റ്റംസ് മാർഗനിർദ്ദേശങ്ങൾ യാത്രക്കാർ പരിശോധിക്കേണ്ടതുണ്ട്. ഇത് പ്രകാരം പുറത്തിറക്കിയ നിരോധിത വസ്തുക്കളുടെ ഒരു പട്ടിക പരിശോധിക്കാം.
നെയ്യ്
ക്യാബിൻ ലഗേജിൽ നെയ്യും വെണ്ണയും അനുവദിക്കുന്നതല്ല. ദ്രാവക സ്വഭാവം കാരണമാണ് ഇവ രണ്ടും നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ ക്യാരിഓൺ ലഗേജിൽ കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങൾ 100 മില്ലി എന്ന അളവിൽ, എയറോസോൾസ്, ജെൽസ് എന്നിവയുടെ കീഴിൽ പരിമിതപ്പെടുത്തും. അതേസമയം ചെക്ക്-ഇൻ ലഗേജിന്റെ കാര്യത്തിൽ ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാം.
അച്ചാറുകൾ
മുളക് അച്ചാർ ഒഴികെയുള്ള അച്ചാറുകൾ കയ്യിൽ കൊണ്ടുപോകുന്നതും ചെക്ക്-ഇൻ ചെയ്യുന്നതുമായ ലഗേജുകളിൽ കൊണ്ടുപോകാം. മുളക് അച്ചാർ ഹാൻഡ് ക്യാരിയിൽ അനുവദിക്കുന്നില്ല. എന്നാൽ എയർപോർട്ട്, എയർലൈൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ചെക്ക്-ഇൻ ലഗേജിൽ അച്ചാർ കൊണ്ടുപോകുന്നത് പരിമിതപ്പെടുത്തിയേക്കാം.
സുഗന്ധവ്യഞ്ജനങ്ങൾ
ക്യാബിൻ ലഗേജിൽ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന പൊടികളും അനുവദനീയമല്ല, എന്നാൽ ഇന്ത്യൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദ്ദേശങ്ങൾ അനുസരിച്ച് ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകാം.
കൊപ്ര
2022 മാർച്ചിൽ, ഇന്ത്യൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി കൊപ്ര അഥവാ ഉണങ്ങിയ തേങ്ങ നിരോധിത ഇനങ്ങളുടെ പട്ടികയിൽ ചേർത്തരുന്നു. ഇത് കാരണം ചെക്ക്-ഇൻ ബാഗേജിൽ കൊപ്ര കൊണ്ടുപോകാനാകില്ല.
ഇ-സിഗരറ്റുകൾ
ഇ-സിഗരറ്റുകൾ ഇന്ത്യൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ലിസ്റ്റിലെ നിരോധിത ഇനങ്ങളാണ്. ചെക്ക് ഇൻ ലഗേജിലോ ഹാൻഡ് ക്യാരിയിലോ ഇത് അനുവദിക്കുന്നതല്ല. എയർപോർട്ടിൽ നിന്നോ എയർലൈൻ കമ്ബനികളുടെ വെബ്സൈറ്റിൽ നിന്നോ നിങ്ങൾക്ക് നിരോധിത വസ്തുക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.
Discussion about this post