തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാർക്കെതിരെ യാണ് നടപടി. മുഴുവൻ പേർക്കും കണ്ണൂർ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്‍ ശ്രീജിത്ത് നിർദേശം നൽകി.
പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാർ ഫോട്ടോ എടുത്തത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. പരിശീലനത്തിനായി 23 പോലീസുകാരും ശബരിമലയിൽ നിന്ന് മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നാളെ റിപ്പോർട്ട് നൽകും.
ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്.ഇതിന് പിന്നാലെ ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും അടക്കമുള്ള സംഘടനകൾ പോലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപിച്ചു.
പോലീസുകാരുടെ ഫോട്ടോ ഷൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. അയ്യപ്പ വിശ്വാസികൾ പരിപാവനമായി കരുതുന്നതാണ് പതിനെട്ടാം പടി. മേൽശാന്തി ഉൾപ്പെടെയുള്ളവർ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത് . പതിനെട്ടാംപടിയുടെ ആചാരം അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താൻ അയ്യപ്പ വിശ്വാസികളായ ആർക്കും കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ആരോപിച്ചു.
Discussion about this post