മുംബൈ: മഹാരാഷ്ട്രയിൽ സ്വതന്ത്രരുടെ പിന്തുണയിൽ ഒറയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്വതന്ത്രരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയുടെ ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 137 ആയി. 288 അംഗസഭയിൽ ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണയാണ് ആവശ്യമുള്ളത്.ശിവസേന നേതാവ് ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ സമ്മർദം ചെലുത്തുന്നതിനിടയിലാണ് ബിജെപി നിർണായകനീക്കം നടത്തിയിരിക്കുന്നത്.
ഷാഹുവാഡി, ഹത്കനൻഗലെ നിയമസഭാമണ്ഡലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിനയ്കോറെയും അശോക്മാനെയും പിന്തുണ പ്രഖ്യാപിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. വാരണാനഗർ പഞ്ചസാര ഫാക്ടറിയും ഒരു ഡെയറി യൂണിറ്റും നടത്തുന്ന കോറെ, 2004-14 കാലഘട്ടത്തിൽ കോൺഗ്രസ്-എൻ.സി.പി. സർക്കാരിന്റെ ഭാഗമായിരുന്നു. അമരാവതിയിലെ ബദ്‌നേരയിൽനിന്നു വിജയിച്ച രവി റാണെയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേവേന്ദ്ര ഫഡ്‌നവിസുമായി അടുപ്പം പുലർത്തുന്ന രവി റാണെ രാഷ്ട്രീയ യുവസ്വാഭിമാൻ പാർട്ടിയെയാണ് പ്രതിനിധാനംചെയ്യുന്നത്. മുൻപ് കോൺഗ്രസിനോട് സഹകരിച്ച് പ്രവർത്തിച്ചിരുന്ന റാണെ 2019-ലെ നിയമസഭാതിരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് നിരുപാധികപിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
137 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ പണ്ട് രാജിവെച്ച് ഒഴിയേണ്ടിവന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി മഹാരാഷ്ട്ര ബിജെപി ശക്തമായി മുന്നിലുണ്ട്. മുൻ സർക്കാരിൽ തന്ത്രപരമായി ഉപമുഖ്യമന്ത്രി പദത്തിൽ തൃപ്തിപ്പെടേണ്ടി വന്ന ഫഡ്നാവിസിനെ തങ്ങൾ ശക്തരായ സമയത്ത് മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരണമെന്നാണ് അണികളുടെ ആവശ്യം.
എന്നാൽ ഷിൻഡെ ക്യാമ്ബാകട്ടെ ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി സമ്മർദ്ദ തന്ത്രത്തിലാണ്. യഥാർത്ഥ ശിവസേനയെ രണ്ടായി വിഭജിക്കുകയും ഭൂരിപക്ഷം എം.എൽ.എമാരെയും കൂട്ടി ബി.ജെ.പിയുമായി കൈകോർക്കുകയും ചെയ്ത ഷിൻഡെയ്ക്ക് രണ്ടര വർഷത്തിലേറെക്കാലം മുഖ്യമന്ത്രി സ്ഥാനം ബിജെപി സമ്മാനിച്ചിരുന്നു.14ാമത് മഹാരാഷ്ട്ര സംസ്ഥാന നിയമസഭയുടെ കാലാവധി ഇന്നലെ അവസാനിക്കുകയും നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രാജിവെയ്ക്കുകയും ചെയ്തു. എന്നാൽ ആർക്കാകും മുഖ്യമന്ത്രി സ്ഥാനം എന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം അന്തിമ തീരുമാനമെടുത്തിട്ടില്ല.
Discussion about this post