ആലപ്പുഴ: നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവത്തിൽ ആലപ്പുഴയിൽ നാല് ഡോക്‌ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കുഞ്ഞിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ആലപ്പുഴ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തിൽ കേസെടുത്തത്.
ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്‌ടർമാരായ ഷെർലി, പുഷ്‌പ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവർക്ക് പുറമേ കുട്ടിയുടെ അമ്മയെ ഗർഭകാലത്ത് സ്‌കാനിങിന് വിധേയമാക്കിയ സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടർമാർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
ഗർഭകാലത്ത് സ്വകാര്യ ലാബിൽ വച്ച് നടത്തിയ സ്‌കാനിങിൽ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിൽ ഗുരുതരമായ വീഴ്‌ച ഡോക്‌ടർമാർക്ക് ഉൾപ്പെടെ സംഭവിച്ചു എന്നാണ് കുഞ്ഞിന്റെ രക്ഷിതാക്കൾ അവകാശപ്പെടുന്നത്. സംഭവത്തിൽ നവജാത ശിശുവിന്റെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഗുരുതര വൈകല്യങ്ങൾ ഉണ്ടായിട്ടും ഗർഭകാലത്ത് നടന്ന പരിശോധനകളിൽ ഇതൊന്നും കണ്ടെത്താൻ ഡോക്‌ടർമാർക്ക് കഴിഞ്ഞില്ലെന്നാണ് കുഞ്ഞിന്റെ മാതാവ് സുറുമി ആരോപിക്കുന്നത്. ആലപ്പുഴ കടപ്പുറം ആശുപത്രിയിലായിരുന്നു ഇവർ ചികിത്സ തേടിയിരുന്നത്. പരാതിയിൽ ആരോഗ്യവിഭാഗം ഡയറക്‌ടർ ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദീകരണം തേടിയിട്ടുണ്ട്.
വായ തുറക്കാൻ പറ്റാത്ത നിലയിലായിരുന്നു കുഞ്ഞ് ജനിച്ചത്. വേറെയും ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിനുള്ളത്. ഏഴുതവണ സ്‌കാനിങ്ങിന് വിധേയമായെങ്കിലും ഒരു കുഴപ്പവും ഇല്ലെന്നാണ് അന്ന് ഡോക്‌ടർമാർ പറഞ്ഞതെന്ന് കുടുംബം ആരോപിക്കുന്നു. ഓരോ തവണ സ്‌കാൻ ചെയ്യുമ്പോഴും ഒരു കുഴപ്പവും ഇല്ലെന്ന് ഡോക്‌ടർമാർ പറഞ്ഞതായും രക്ഷിതാക്കൾ പറയുന്നു.
കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളത്. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുകളുണ്ട്. കാർഡിയാക് ഡോക്‌ടറെ കാണിക്കാനാണ് ഇപ്പോൾ ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് അറിയിച്ചതെന്നും കുഞ്ഞിന്റെ അമ്മ സുറുമി പറഞ്ഞു.
സ്‌കാനിങ്ങിൽ പ്രശ്‌നമില്ലെന്നും പിന്നെ ഞങ്ങൾ എങ്ങനെ കണ്ടുപിടിക്കാനാണ് എന്നാണ് ചികിത്സിച്ച ഡോക്‌ടർമാർ ചോദിക്കുന്നതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഡോക്‌ടർമാർ നിർദ്ദേശിച്ചതനുസരിച്ച് എല്ലാ സ്‌കാനിങ്ങും നടത്തിയിരുന്നു. സാധാരണഗർഭിണികളേക്കാൾ കൂടുതൽ പ്രാവശ്യം തനിക്ക് സ്‌കാനിങ് നിർദ്ദേശിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ആലപ്പുഴയിൽ പ്രസവത്തിനായി ഏറ്റവും കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രികളിൽ ഒന്നാണ് കടപ്പുറത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി. എന്നാൽ നിരന്തരം ചികിത്സാ പിഴവ് ആരോപണം ഇവിടെ ശക്തമാവുകയാണ്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ഈ സംഭവം.
Discussion about this post