തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചു വിടൽ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത് . ഡിസംബർ ഒന്നാം തീയതി മുതൽ ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വൈസ് ചാൻസിലർ പിരിച്ചുവിടൽ ഉത്തരവിറക്കി.
120 ഓളം പേരെയാണ് പിരിച്ചു വിട്ടത്. അദ്ധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. കലാമണ്ഡലം ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്. അതും ഒരു അദ്ധ്യായന വർഷത്തിന്റെ പകുതിയിൽ വച്ച്.
കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് മൂലം കലാമണ്ഡലത്തിൻറെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയോഗിക്കപ്പെട്ട താൽക്കാലിക അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ പദ്ധതിയേതര വിഹിതത്തിൽ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നാണ് വിശദീകരണം.
Discussion about this post