ധാക്ക: സംഘർഷം തുടരുന്ന ബംഗ്ലാദേശിലെ ചത്തോഗ്രമിൽ 3 ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം. തുറമുഖ നഗരത്തിലെ ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്നിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്. ശാന്തനേശ്വരി മാത്രി ക്ഷേത്രം, അടുത്തുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുദ്രാവാക്യം വിളികളോടെയാണ് നൂറുകണക്കിനു പേർ ക്ഷേത്രങ്ങൾക്ക് നേരെ ഇഷ്ടിക കട്ടകൾ എറിഞ്ഞത്. ഷോണി ക്ഷേത്രത്തിനും മറ്റ് രണ്ട് ക്ഷേത്രങ്ങളുടെ കവാടങ്ങൾക്കും കേടുപാടുകൾ വരുത്തിയെന്നും ക്ഷേത്ര അധികൃതർ പറഞ്ഞു.
‘‘ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളും ഇസ്‌കോൺ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയാണ് അവർ ക്ഷേത്രങ്ങൾക്കു മുന്നിലേക്ക് എത്തിയത്. ഞങ്ങൾ അക്രമികളെ തടഞ്ഞില്ല. സ്ഥിതി വഷളായപ്പോൾ ഞങ്ങൾ സൈന്യത്തെ വിളിച്ചു. അവർ വേഗത്തിൽ എത്തി ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സഹായിച്ചു. യാതൊരു തരത്തിലുമുള്ള പ്രകോപനമില്ലാതെയാണ് അക്രമികൾ എത്തി ആക്രമണം നടത്തിയത്’’ – ശാന്തിനേശ്വരി പ്രധാന ക്ഷേത്ര ഭരണ സമിതിയിലെ സ്ഥിരം അംഗം തപൻ ദാസ് പറഞ്ഞു.
Discussion about this post