ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുന്റെ പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. റിലീസിന് ഇനി വെറും മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ അല്ലു അർജുന് വൻ തിരിച്ചടി.
ആരാധകരെ ആർമി എന്ന് അഭിസംബോധന ചെയ്തതാണ് അല്ലു അർജുന് തിരിച്ചടിയായിരിക്കുന്നത്. പുഷ്പ 2ന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു ആരാധകരെ ആർമിയെന്ന് അല്ലു വിളിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീനിവാസ് എന്നയാളാണ് ഹൈദരാബാദിലെ ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മുംബൈയിലെ പ്രമോഷനിടെ ആയിരുന്നു അല്ലു അർജുന്റെ പരാമർശം. ‘എനിക്ക് ആരാധകരില്ല; എനിക്ക് ഒരു ആർമിയുണ്ട്. ഞാൻ എന്റെ ആരാധകരെ സ്‌നേഹിക്കുന്നു; അവരെന്റെ കുടുംബം പോലെയാണ്. അവർ എന്നോടൊപ്പം നിൽക്കുന്നു. അവർ എന്നെ ആഘോഷിക്കുന്നു. അവർ ഒരു സൈന്യത്തെപ്പോലെ എനിക്കായി നിലകൊള്ളുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും ഒരുപാട് സ്‌നേഹിക്കുകയാണ്’, എന്നാണ് അല്ലു പറഞ്ഞത്. എന്നാൽ ആർമിയുമായി ഉപമിച്ചത് ശരിയായില്ലെന്നും സൈന്യം ചെയ്ത ത്യാഗങ്ങളെ കുറച്ച് കാണിക്കുന്നതുമാണെന്നും ശ്രീനിവാസ് പരാതിയിൽ പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരാതി റിലീസിനെ ബാധിക്കുമോന്ന ആശങ്കയിലാണ് ആരാധകരിപ്പോൾ. കേരളത്തിലെത്തിയപ്പോഴും ആരാധകരെ അല്ലു അർജുൻ ആർമി എന്ന് വിളിച്ചിരുന്നു.
Discussion about this post