ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. അടുത്ത വർഷം ആകും സന്ദർശനം എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
റഷ്യയിലെ ഇന്ത്യൻ എംബസിയാണ് പുടിന്റെ സന്ദർശന വിവരം പങ്കുവച്ചത്. അടുത്ത മാസം തന്നെ തിയതി സംബന്ധിച്ച വിവരങ്ങൾ എംബസി പുറത്തുവിടും. അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും തമ്മിൽ വർഷത്തിൽ ഒരിക്കൽ കൂടിക്കാഴ്ച നടത്താമെന്ന് ധാരണ ആയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അടുത്ത വർഷം പുടിൻ ഇന്ത്യയിൽ എത്തുന്നത്. സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും വിവിധ ഉഭയക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും. ഇരു രാജ്യങ്ങളുടെയും പുരോഗതിയും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനായുള്ള കരാറുകളിലും ഏർപ്പെടും.
ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചതായി പുടിന്റെ സഹായി യൂറി ഉഷക്കോവ് പറഞ്ഞു. വർഷത്തിൽ ഒരിക്കൽ ഒരിക്കൽ കൂടിക്കാഴ്ച നടത്താൻ ഇരു നേതാക്കളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇനി തങ്ങളുടെ ഊഴമാണ്. മോദിയുടെ ക്ഷണം തങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പുടിനും മോദിയും അടിയ്ക്കടി ബന്ധപ്പെടാറുണ്ടെന്ന് റഷ്യൻ എംബസി അറിയിച്ചു. ഇരുവരും അടിയ്ക്കടി ഫോൺ സംഭാഷണത്തിൽ ഏർപ്പെടുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പുടിനെ പ്രധാനമന്ത്രി ക്ഷണിച്ചത് എന്നും എംബസി വിശദമാക്കി.

