ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. മലപ്പുറം സ്വദേശി ദേവാനന്ദിൻ്റെ പോസ്റ്റുമാർട്ടം നടപടികൾ ആണ് ആരംഭിച്ചത്. പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരുടെ പോസ്റ്റ്‌മോർട്ടം ആദ്യം നടത്തിയേക്കും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് ആയിരിക്കും വിദ്യാർത്ഥികളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുക.
വൈറ്റിലയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ വന്ന് ഇടിക്കുകയായിരുന്നു. രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
Discussion about this post