സോൾ: ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച പട്ടാളനിയമം ആറു മണിക്കൂറിനകം പിൻവലിച്ച് പ്രസിഡന്റ് യൂൻ സുക് യോൽ. പട്ടാളനിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു. തുടർന്ന് സംഘർഷം നിറഞ്ഞ രാഷ്ട്രീയ നാടകങ്ങൾക്കിടെ സൈനിക ഭരണം നിരസിച്ച് പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തതിനു പിന്നാലെ, വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പട്ടാളനിയമം പിൻവലിച്ച് യൂൻ സുക് യോൽ പ്രഖ്യാപനം നടത്തിയത്.
പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റിൽ, യൂനും പ്രതിപക്ഷാംഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പുകയുകയാണ്. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണു യൂൻ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്.
Discussion about this post