അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ വീണ്ടും സംഘർഷത്തിന് സാധ്യത. സുവർണ ക്ഷേത്രത്തിന് പുറത്ത് പ്രവേശന കവാടത്തിൽവെച്ചാണ് സുഖ്ബീർ സിങ് ബാദലിന് നേരെ വെടിവയ്പ്പ് ഉമ്ടായത്. സേവാദാർ യൂണിഫോം ധരിച്ചു വീൽചെയറിൽ ഇരിക്കുകയായിരുന്ന ബാദലിന് നേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. ബാദൽ വെടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്രമിയെ കീഴപ്പെടുത്തി. നാരായൺ സിങ് ചൗര എന്നയാളാണ് ബാദലിന് നേരെ വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു. ആക്രമണ ഉദ്ദേശ്യം വ്യക്തമല്ല.
സുഖ്ബീർ സിങ് ബാദലിന് സുരക്ഷ ഒരുക്കിയിരുന്നതായി എഡിസിപി ഹർപാൽ സിങ് പറഞ്ഞു. അക്രമിയായ നാരായൺ സിങ് ചൗര ഇന്നലെ മുതൽ ഇവിടെയുണ്ട്. രാവിലെ ഗുരുവിനെ അനുസ്മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണത്തിന് പിന്നിൽ ഗുഢാലോചന ഉണ്ടെന്ന് അകാലി ദൾ നേതാവ് ദൽജിത്ത് സിങ് ചീമ ആരോപിച്ചു. ബാദലിൻ്റെ ജീവൻ രക്ഷപ്പെട്ടതിൽ ദൈവത്തോട് നന്ദി പറയുന്നു.
സുഖ്ബീർ സിങ് ബാദൽ ഉൾപ്പെടെയുള്ള അകാലി ദൾ നേതാക്കൾക്കെതിരെ സിഖുമത ഉന്നത സംഘടനയായ അകാൽ തക്ത് ശിക്ഷ വിധിച്ചു രണ്ട് ദിവസം പിന്നിടുമ്പോഴാണ് വധശ്രമം. സുവർണക്ഷേത്രത്തിലെ പാത്രങ്ങളും കഴുകുക, ഷൂസുകളും ശുചിമുറിയും വൃത്തിയാക്കുക എന്നിങ്ങനെയാണ് അഞ്ച് ഉന്നത പുരോഹിതരുൾപ്പെടുന്ന അകാൽ തക്തിൻ്റെ ശിക്ഷാവിധി. 2007 മുതൽ 2017 വരെയുള്ള ശിരോമണി അകാലി ദൾ സർക്കാരിൻ്റെ കാലത്തെ തെറ്റുകൾക്കായിരുന്നു ശിക്ഷ.
സുവർണ ക്ഷേത്രത്തിലെ ക്ലോക്ക് ടവറിനു പുറത്തും മറ്റ് സിഖുമത ആരാധനാലയങ്ങളിലും രണ്ടു ദിവസം സേവാദാർ യൂണിഫോം ധരിച്ചുഗുർബാണി ആലേഖനം ചെയ്ത പോസ്റ്റർ പിടിച്ചു നിൽക്കണമെന്നായിരുന്നു ബാദലിന് ലഭിച്ച ശിക്ഷ. കാലിന് പരിക്കുള്ളതിനാൽ വീൽചെയറിലായിരുന്നു സുഖ്ബീർ സിങ് ബാദൽ. അകാൽ തക്ത് ഉന്നത നേതാവ് ജിയാനി രഗ്ബീർ സിങ് ആണ് ശിക്ഷ വിധിച്ചത്.
അകാലി ദൾ അധ്യക്ഷ സ്ഥാനം സുഖ്ബീർ സിങ് ബാദൽ രാജിവെക്കണമെന്നും ബാദലിൻ്റെ രാജി അകാലി ദൾ വർക്കിങ് കമ്മിറ്റി അംഗീകരിക്കണമെന്നും അകാൽ തക്ത് നിർദേശിച്ചിരുന്നു. ആറു മാസത്തിനകം പുതിയ അധ്യക്ഷനെയും മറ്റ് ഭാരവാഹികളെയും നിയമിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്നും അകാൽ തക്ത് നിർദേശിച്ചിരുന്നു.
Discussion about this post