ഡൽഹി: വിമാനം ടിക്കറ്റ് നിരക്ക് വർധന തടയാൻ കേന്ദ്ര സർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡിജിസിഎയെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. രാജ്യസഭയിൽ വ്യോമയാന ബില്ല് ചർച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. തോന്നും പോലെ ഇനി നിരക്ക് വർധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഭാരതീയ വായുയാൻ വിധേയക് ബില്ലിലാണ് അനിയന്ത്രിത വില വർധനവ് തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്. 2010ലെ ഡിജിസിഎ സർക്കുലർ പ്രകാരം ഒരു മാസം മുൻപ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഡിജിസിഎയെ അറിയിക്കണം. ഡിജിസിഎയ്ക്ക് നൽകിയ നിരക്കിൽ വിമാനക്കമ്പനികൾ വരുത്തുന്ന വ്യത്യാസം 24 മണിക്കൂറിനുള്ളിൽ ഡിജിസിഎ അറിയിച്ചാൽ മതിയാകും എന്ന വ്യവസ്ഥയാണ് നീക്കം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
2023നെ അപേക്ഷിച്ച് 2024ൽ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ഉത്സവ സീസണിൽ വിവിധ റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറയുന്നു. വിമാനനിരക്ക് യാത്രക്കാർക്ക് താങ്ങാനാവുന്നതാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post