ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെയുണ്ടായ അക്രമണങ്ങളിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യയുടെ അതിർത്തിയിൽ ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ട്. ഇതേ തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിന് സമീപമാണ് ഡ്രോണുകൾ വിന്യസിച്ചിരിക്കുന്നത്. അതിർത്തിയോട് ചേർന്ന് ബയ്‌രക്തർ ടിബി2 ആളില്ലാ വിമാനങ്ങളാണ് ബംഗ്ലാദേശ് വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം.
പ്രതിരോധ ആവശ്യങ്ങൾക്കായാണ് വിന്യാസമെന്നാണ് ബംഗ്ലാദേശ് അവകാശപ്പെടുന്നത്. എന്നാൽ നൂതന ഡ്രോണുകൾ തന്ത്രപ്രധാന മേഖലയിൽ സ്ഥാപിക്കുന്നതിൻ്റെ പ്രാധാന്യം ഇന്ത്യ സൈന്യം തള്ളികളയുന്നില്ല. അതേസമയം ഹെറോൺ ടിപി പോലെയുള്ള ഡ്രോണുകൾ ബംഗ്ലാദേശ് അതിർത്തികളിൽ വിന്യസിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് തീവ്രവാദ ഗ്രൂപ്പുകളും കള്ളക്കടത്ത് സംഘങ്ങളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതിർത്തിയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതൻ ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റും തുടർന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെയുണ്ടായ അക്രമ സംഭവങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് സ്ഥിതിൂക്ഷമായത്. ഇന്ത്യയോട് ചേർന്നുള്ള ബംഗ്ലാദേശ് അതിർത്തികളിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാകുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post