ന്യൂഡൽഹി:കരയിൽ വിമാനത്തേക്കാൾ വേഗതയിൽ കൂറ്റൻ കുഴലിലൂടെ സഞ്ചരിക്കുന്ന ഹൈപ്പർ ലൂപ്പ് ട്രാക്കുകൾ ഇന്ത്യയിലുമെത്തും. പരീക്ഷണം വിജയിച്ചാൽ ഇപ്പോൾ മൂന്ന് മണിക്കൂർ വേണ്ട മുംബയ്-പൂനെ യാത്ര 25 മിനിറ്റിൽ സാദ്ധ്യമാക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് മദ്രാസ് ഐ.ഐ.ടിയുടെ തയ്യൂർ കാമ്പസിൽ റെയിൽവേ പൂർത്തിയാക്കി. ഇതിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തും. ഈ ട്രാക്കിന് 410 മീറ്റർ നീളമാണുള്ളത്. റോഡും, റെയിലും, കപ്പലും വിമാനവും കഴിഞ്ഞാൽ അഞ്ചാമത്തെ ഗതാഗത സംവിധാനമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഇലോൺ മസ്‌ക് 2013-ൽ അവതരിപ്പിച്ചതാണ് ഹൈപ്പർലൂപ്പ് ട്രാൻസ്‌പോർട്ടിംഗ് ആശയം. മദ്രാസ് ഐ.ഐ.ടിയിലെ 76 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ആവിഷ്‌കാർ ഹൈപ്പർ ലൂപ്പ് ടീം, അവിടത്തെ സ്റ്റാർട്ട് അപ്പായ ട്യൂട്ടർ എന്നിവയുടെ സഹകരണത്തോടെയാണ് ട്രാക്ക് നിർമ്മിച്ചത്. ആദ്യ പരീക്ഷണങ്ങളിൽ 100 കിലോമീറ്റർ വേഗത കൈവരിച്ചു. ഇനി 600 കിലോമീറ്റർ വേഗത പരീക്ഷിക്കും. ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്കിന്റെ വിഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിലൂടെ പുറത്തുവിട്ടു.
ദീർഘദൂര കുഴൽപാതയും അതിലൂടെ സഞ്ചരിക്കുന്ന പോഡ് സ്റ്റേഷനുകളുമാണ് ( ടെർമിനൽ) ഘടകങ്ങൾ. കുതിപ്പ് കാന്തശക്തിയിലാണ്. കുഴലിൽ മർദ്ദം കുറവ്. കാന്തങ്ങൾ ഉപയോഗിച്ചുള്ള ഗൈഡൻസ് ട്രാക്ക് ആണ് ട്യൂബ്. പോഡുകളിലും കാന്തങ്ങൾ ഉള്ളതിനാൽ മാഗ്നറ്റിക് ലെവിറ്റേഷൻ – മാഗ്ലെവ് – തത്വത്തിൽ പോഡുകൾ കുഴലിൽ എങ്ങും തൊടാതെ കുതിക്കും. കാന്തശക്തിയിൽ തന്നെ കുതിപ്പും. കുഴൽ ഭാഗികമായി ശൂന്യമായതിനാൽ ഘർഷണം തുലോം കുറവ്. വൈദ്യുതിക്ക് ബാറ്ററികൾ ഉപയോഗിക്കും. താഴ്ന്ന മർദാവസ്ഥയിലുള്ള ഹൈപ്പർലൂപ്പിലുടെ അസാധാരണമായ വേഗതയിൽ പോഡുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. ഓരോ പോഡിലും 2428 യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയിലൂടെ പോയിന്റ് ടു പോയിന്റ് യാത്ര വേഗത്തിലാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതിലൂടെ യാത്രാമേഖലയിൽ വലിയ വിപ്ലവമായിരിക്കും സംഭവിക്കാൻ പോകുന്നതെന്നാണ് വിലയിരുത്തുന്നത്.
Discussion about this post