എമ്മാൻ/ബെയ്റൂട്ട്: സൈന്യവും വിമതരും തമ്മിൽ പോരാട്ടം തുടരുന്ന സിറിയയിൽ മൂന്നുലക്ഷത്തോളം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ. ആയിരക്കണക്കിന് ആളുകളാണ് ഹോംസിൽ നിന്ന് ഒറ്റരാത്രികൊണ്ടാണ് പടിഞ്ഞാറൻ തീരത്തേക്ക് പലായനം ചെയ്തത്, സിറിയയിൽ ഹമാ സെൻട്രൽ ജയിലിന്റെ നിയന്ത്രണം നേടിയ വിമതർ തടവുകാരെയും മോചിപ്പിച്ചു. മധ്യനഗരമായ ഹോംസിലേക്ക് വിമതർ ഉടൻ നീങ്ങുമെന്നാണ് സൂചന. നവംബർ 27നാണ് വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ അലെപ്പോയിൽ വിമത സായുധഗ്രൂപ്പുകൾ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ സൈന്യത്തിനെതിരെ ആക്രമണം തുടങ്ങിയത്.
സിറിയയിലെ പ്രധാനപ്പെട്ട നഗരമാണ് ഹമാ. നഗരത്തിന്റെ നാല് ഭാഗങ്ങളും വളഞ്ഞാണ് വിമതർ ഇവിടെ മുന്നേറ്റം നടത്തുന്നത്. ഇന്നലെ രാവിലെ മുതൽ തന്നെ സൈന്യത്തിന് നഗരത്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടമായിരുന്നു. റഷ്യയുടെയും സിറിയയുടേയും വ്യോമസേന ചെറുത്തുനിക്കാൻ ശ്രമിച്ചു എങ്കിലും വിമതരുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു. രാത്രി മുഴുവൻ വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും നഗരത്തിൽ കേട്ടതായി നഗരവാസികൾ പറയുന്നു. ആക്രമണങ്ങളിൽ ഇതുവരെ 727 വിമതരും 111 സാധാരണക്കാരായ പൗരൻമാരും കൊല്ലപ്പെട്ടതായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പോരാട്ടം അതിരൂക്ഷമായി തുടരുന്ന സിറിയയിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തു പോകണമെന്ന് വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. സിറിയയിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തു പോകണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ദമസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് ഹമാ. ഹയാത്ത തഹിർ അൽഷാം എന്ന വിമതസംഘടനയാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്. വിമതർക്കെതിരെ റഷ്യൻ യുദ്ധവിമാനങ്ങളും ഇപ്പോൾ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post