ലക്നൗ: ആറാം വയസ്സിൽ തട്ടികൊണ്ടുപോയി മുപ്പത് വർഷങ്ങൾക്ക് ശേഷം കുടുംബവുമായി ഒത്തുചേർന്നുവെന്ന് പറഞ്ഞ് വലിയ മാധ്യമശ്രദ്ധ നേടിയ ഗാസിയാബാദിലെ ഭീം സിങ് എന്ന രാജു യാഥാർത്ഥ കുട്ടിയല്ലെന്നും തട്ടിപ്പുകാരനാണെന്നും ഗാസിയാബാദ് പൊലീസ്. ഇത്തരം കാര്യങ്ങൾ പറഞ്ഞ് വിവിധ വീടുകളുമായി ബന്ധം സ്ഥാപിച്ച് അവിടെ മോഷണങ്ങൾ നടത്തുന്നതാണ് ഇയാളുടെ തൊഴിലെന്നും പൊലീസ് അറിയിച്ചു. ഇയാളെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.
1993 ൽ ഏഴ് വയസ്സുള്ളപ്പോൾ തന്നെ തട്ടികൊണ്ടുപോയെന്ന് സ്ഥാപിച്ചാണ് കഴിഞ്ഞയാഴ്ച ഇയാൾ ഗാസിയാബാദിലെ ഒരു കുടുംബത്തിൽ കയറിപ്പറിയത്. പൊലീസിനോടും രാജു തന്റെ കുടുംബത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഗാസിയാബാദിലെ ഒരു കുടുംബത്തൊടൊപ്പം പോവുകയും ചെയ്തിരുന്നു. എന്നാൽ കുടുംബാംഗങ്ങൾക്ക് സംശയം തോന്നിയതോടെ പാെലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിഎൻ എ പരിശോധന നടത്തി. ഇതോടെയാണ് രാജുവിന്റെ കള്ളിപുറത്തായത്.
രാജസ്ഥാൻ സ്വദേശിയായ ഇയാൾ നേരത്തെ കയറിപ്പറ്റിയ ഒരു കുംടുംബത്തിലെ ബന്ധുക്കളുടെയും മറ്റുള്ളവരുടെയും വീട്ടിൽ നിന്ന് മോഷണം നടത്തിയതോടെ 2005-ൽ ആ വീട്ടിൽ നിന്ന് പുറത്താക്കിയിയിരുന്നു. ഒൻപതോളം വീടുകളിൽ വിവിധ പേരുകളിൽ കഴിഞ്ഞ് ഇയാൾ മോഷണം നടത്തിയെന്നും പൊലീസ് പറയുന്നു. പഞ്ചാബ്, രാജസ്ഥാനിലെ ജയ്സാൽമർ, ഹരിയാന എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയ രാജുവിനെ 2021-ൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
Discussion about this post