പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിര്‍മാതാവ് ദില്‍ രാജുവും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ജാമ്യഹര്‍ജിയും ഹൈക്കോടതി ഉടന്‍ പരിഗണിക്കാനിരിക്കുന്നതിനാല്‍ നടനെ ജയിലിലേക്ക് മാറ്റിയിരുന്നില്ല. ഇതിനുപിന്നാലെയാണ് നടന് ആശ്വാസമായി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
Discussion about this post