ട്രെയിന്‍ യാത്രക്കാര്‍ക്കായുള്ള എല്ലാ സേവനങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്ന ഐആര്‍സിടിസി സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ ആപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും (CRIS) ഐആര്‍സിടിസിയും ചേര്‍ന്നാണ് സൂപ്പര്‍ ആപ്പ് വികസിപ്പിക്കുന്നത്.
നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളും പ്രവര്‍ത്തിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പുതിയ സംവിധാനം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്.
സൂപ്പര്‍ ആപ്പ് എത്തുന്നതോടെ ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗ്, ഭക്ഷണബുക്കിംഗ് തുടങ്ങിയ സേവനങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ ലഭിക്കും. ലക്ഷക്കണക്കിന് ട്രെയിന്‍ യാത്രക്കാരുടെ യാത്രാദുരിതത്തിന് അറുതിവരുത്താന്‍ സൂപ്പര്‍ ആപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, യാത്രസംബന്ധമായ സേവനങ്ങളുടെ ലഭ്യത എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ആപ്പാണ് ഐആര്‍സിടിസി സൂപ്പര്‍ ആപ്പ്. പേയ്മെന്റുകള്‍ വേഗത്തിലാക്കാനും ട്രെയിന്‍ ട്രാക്കിംഗ് എളുപ്പത്തിലാക്കാനും സൂപ്പര്‍ ആപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ യാത്രക്കാര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും സൂപ്പര്‍ ആപ്പില്‍ ഒരുക്കുന്നുണ്ട്. യാത്രക്കാരുടെ സമയനഷ്ടം കുറച്ച് കൂടുതല്‍ ആസ്വാദ്യകരമായ ട്രെയിന്‍ യാത്ര ഉറപ്പുവരുത്താനും സൂപ്പര്‍ ആപ്പ് ലക്ഷ്യമിടുന്നു.
Discussion about this post