ഡൽഹി : സാമ്പത്തിക തട്ടിപ്പുകൾ നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 22,280 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍. പിടിച്ചെടുത്ത സ്വത്തുക്കള്‍ പ്രതികളുടെ കടത്തിന്റെ ഭാഗം വീട്ടാനായി പൊതുമേഖലാ-സ്വകാര്യ മേഖലാ ബാങ്കുകള്‍ക്ക് കൈമാറി.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക താല്പര്യ പ്രകാരം സ്വത്ത് പുനഃസ്ഥാപിക്കൽ പ്രക്രിയ അതിവേഗത്തിലാക്കിയിട്ടുണ്ട്
വിജയ് മല്യയുടെ 14131.6 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുൾപ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെട്ട് 17,750 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടെടുത്തു.
സാമ്പത്തിക ബാധ്യതയെ തുടർന്ന് വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഒളിവിൽ പോയിരുന്നു. 2024 ജൂൺ വരെ 697 കേസുകളിലായി 17,520 കോടി രൂപയുടെ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 163 കേസുകളിൽ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ കടങ്ങൾ തിരിച്ചടയ്ക്കാൻ 22,280 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി.
ബാങ്കുകള്‍ക്ക് പണം തിരികെ കിട്ടുമെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതികള്‍ രാജ്യം വിട്ടെങ്കിലും അവരെ പിന്തുടരുകയാണ്. അതേസമയം, 2015 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം നികുതിദായകരുടെ മേല്‍ നല്ല പ്രതികരണം ഉളവാക്കിയെന്നും വിദേശ ആസ്തികള്‍ വെളിപ്പടുത്തുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണവും ഏറിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇത്തരത്തില്‍ വിദേശ ആസ്തികൾ പ്രഖ്യാപിക്കുന്ന നികുതിദായകരുടെ എണ്ണം 2021-22ൽ 60,467 ആയിരുന്നത് 2024-25 സാമ്പത്തിക വർഷത്തിൽ 2 ലക്ഷമായി ഉയർന്നു.
ലോക്‌സഭയിൽ ചൊവ്വാഴ്ച സപ്ലിമെൻ്ററി ഡിമാൻഡ്‌സ് ഫോർ ഗ്രാൻ്റുകളുടെ ആദ്യ ബാച്ചിൻ്റെ ചർച്ചയ്ക്കിടെ യാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. അനധികൃത സ്വത്ത് തിരിച്ചുപിടിക്കാനും പൊതുമേഖലാ ബാങ്കുകളിലേക്ക് തിരികെ നൽകാനും ഇഡി സമീപ വർഷങ്ങളിൽ നടത്തിയ സുപ്രധാന ശ്രമങ്ങൾ അവർ എടുത്തുപറഞ്ഞു.
Discussion about this post