പാർലമെന്റിൽവച്ച് ‘1984’ എന്ന് എഴുതിയ ബാഗ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ച് ബിജെപി എം പി അപരാജിത സാരംഗി . ബാഗിന് പുറത്ത് ചുവപ്പ് നിറത്തിൽ 1984 എന്നെഴുതിയ അക്കങ്ങളിൽ രക്തം പുരണ്ടതായി കാണിച്ചിരിക്കുന്നു. 1984 ലെ സിഖ് വിരുദ്ധ കലാപം ഓർമിപ്പിക്കുകയായിരുന്നു സാരംഗി. കഴിഞ്ഞ 50 വർഷമായി കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ഇന്നത്തെ തലമുറ അറിയണമെന്നും സാരംഗി പിന്നീട് പറഞ്ഞു.
“ബഹുമാനപ്പെട്ട എംപിക്ക് ബാഗുകളോട് വളരെ ഇഷ്ടമാണ്, അതുകൊണ്ട് ഞാൻ ഒരെണ്ണം അവർക്ക് സമ്മാനിച്ചു. ആദ്യം അവർ മടിച്ചുനിന്നെങ്കിലും പിന്നീട് അത് സ്വീകരിച്ചു,” പ്രിയങ്കക്ക് ബാഗ് സമ്മാനമായി നൽകാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് ബിജെപി എം പി പറഞ്ഞു.
നേരത്തെ പാലസ്തീൻ, ബംഗ്ലാദേശ് ബാഗുകളുമായി പ്രിയങ്ക പാർലമെന്റിലെത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സാരംഗിയുടെ ‘സമ്മാനം’. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ബാഗുമായാണ് ആദ്യം പ്രിയങ്ക പാർലമെന്റിലെത്തിയത്. ബിജെപി ഇതിനെ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം എന്ന് എഴുതിയ ബാഗുമായാണ് പ്രിയങ്ക വന്നത്.
Discussion about this post