സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ക്ക് പണം വെച്ചു നീട്ടിയ ശേഷം കൊള്ളപ്പലിശ ഈടാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ബ്ലേഡ് കമ്പനി വീരന്മാര്‍ ഡിജിറ്റല്‍ രൂപത്തിലും വിലസുന്ന സാഹചര്യത്തില്‍ മൂക്കുകയറുമായി കേന്ദ്ര സർക്കാർ
അമിത പലിശയ്ക്കു പണം നല്‍കുന്ന ബ്ലേഡ് കമ്പനികള്‍ക്കും ഡിജിറ്റല്‍ ആപ്പുകള്‍ക്കും പണി വരുന്നു. ഇത്തരക്കാര്‍ക്ക് തടയിടാന്‍ പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട കര്‍മസമിതി ശിപാര്‍ശ പ്രകാരമാണ് കേന്ദ്രം പുതിയ കരട് ബിൽ തയാറാക്കിയത്.
ബ്ലേഡ് കമ്പനികള്‍, ഡിജിറ്റല്‍ ആപ് തുടങ്ങിയ രൂപത്തില്‍ അമിത പലിശക്ക് വായ്പാ വാഗ്ദാനം നടത്തി അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവും ഒരു കോടി രൂപ വരെ പിഴയും ശിക്ഷ വിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരട് ബില്‍ ധനമന്ത്രാലയം തയാറാക്കി. വായ്പ തിരിച്ചു പിടിക്കാന്‍ ഉപയോക്താക്കളെ പീഡിപ്പിച്ചുവെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഇരട്ടി തുകയുടെ പിഴയും ബില്ലില്‍ നിര്‍ദേശിക്കുന്നു.
നിലവിലെ നിയമങ്ങളുടെ പരിധിയില്‍ പെടാതെ വായ്പ നല്‍കുന്നതും പലിശ ഈടാക്കുന്നതും ബിസിനസാക്കിയ ഏത് അംഗീകാരമില്ലാത്ത ഏജന്‍സികളയും പുതിയ ബില്‍ പ്രകാരം പിടികൂടാം. രണ്ടു വര്‍ഷമാണ് ഏറ്റവും കുറഞ്ഞ തടവു ശിക്ഷ. ഏറ്റവും കുറഞ്ഞ പിഴ രണ്ടു ലക്ഷം രൂപ. ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരക്കാരെങ്കില്‍, കുറ്റവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
വന്‍തുകയുടെ കേസുകളും സി.ബി.ഐക്ക് കൈമാറും. സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ക്ക് പണം വെച്ചു നീട്ടിയ ശേഷം കൊള്ളപ്പലിശ ഈടാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ബ്ലേഡ് കമ്പനി വീരന്മാര്‍ ഡിജിറ്റല്‍ രൂപത്തിലും വിലസുന്ന സാഹചര്യത്തില്‍ മൂക്കുകയറുമായി കേന്ദ്രസര്‍ക്കാര്‍.
ധനമന്ത്രാലയത്തിലെ ധനകാര്യ സേവന വിഭാഗമാണ് അനിയന്ത്രിത വായ്പാ പ്രവര്‍ത്തന നിരോധന നിയമത്തിന്റെ കരട് ബില്‍ തയാറാക്കിയിരിക്കുന്നത്. ബില്ലില്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്. ഫെബ്രുവരി 13 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
Discussion about this post