പത്തനംതിട്ട: പന്തളത്ത് ബിജെപിക്ക് ഭരണത്തുടർച്ച. പന്തളം നഗരസഭയിൽ ചെയർമാനായി ബിജെപിയിലെ അച്ഛൻകുഞ്ഞ് ജോണിനെ തെരഞ്ഞെടുത്തു. 19 വോട്ടുകളാണ് അച്ഛൻകുഞ്ഞിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു.
എൽഡിഎഫിലെ ലസിത ടീച്ചർക്ക് 9 വോട്ടുകളാണ് ലഭിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിബാഗം അംഗം വോട്ട് രേഖപ്പെടുത്തിയില്ല. നാല് കോൺഗ്രസ് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.
നഗരസഭ ചെയർപേഴ്സണായിരുന്ന സുശീല സന്തോഷ്, ഡെപ്യൂട്ടി ചെയർപേഴ്സൺ യു രമ്യ എന്നിവർക്കെതിരെ കഴിഞ്ഞ ആറിന് ബി ജെ പിയിലെ വിമതന്റെ പിന്തുണയോടെ എൽ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു.
പക്ഷെ, ഇത് ചർച്ചയ്ക്കെടുക്കുന്നതിന് തലേദിവസം ഇരുവരും രാജിവച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. 33 അംഗ നഗരസഭയിൽ 18 ബി.ജെ.പി, 9 എൽ.ഡി.എഫ്, 5 യു.ഡി.എഫ്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില
Discussion about this post