ആലപ്പുഴ: അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാക്കിയിരിക്കുകയാണ്. ഇടയ്ക്ക് വാർഡിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിന്റെ ലിംഗനിർണയം സംബന്ധിച്ച പരിശോധനയിൽ ആൺകുട്ടിയെന്നു തെളിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആണോ പെണ്ണോ എന്നു തിരിച്ചറിയാനാകുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. ലിംഗമേതെന്നറിയാത്തതിനാൽ 40 ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനു പേരിട്ടിരുന്നില്ല. കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സാപ്പിഴവുമൂലമാണ് കുഞ്ഞിന് അസാധാരണ രൂപമുണ്ടായതെന്നാണ് വീട്ടുകാരുടെ പരാതി.
ജനിതകവൈകല്യം കണ്ടെത്താൻ നേരത്തേ സാംപിളുകൾ ശേഖരിച്ചിരുന്നു. ഫലം ലഭിക്കാൻ ആറുമാസം കാത്തിരിക്കണം. അതുകൂടി കിട്ടിയാലേ ഏതുതരം ചികിത്സ തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. അത്രയുംകാലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കു ചികിത്സ നൽകും.
Discussion about this post