മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിട പറയുന്നത്
എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. രാത്രി ഒരുമണിയോടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ ആശുപത്രി പരിസരത്തും എത്തിയിരുന്നു.
നടൻ മോഹൻലാൽ വീട്ടിലെത്തി എംടിക്ക് അന്തിമോപചാരം അർപ്പിച്ചു. സംവിധായകൻ ടി കെ രാജീവ് കുമാറിനൊപ്പമാണ് അദ്ദേഹം സിത്താരയിലെത്തിയത്. ഒരുപാട് വർഷത്തെ ബന്ധമുണ്ടെന്നും നല്ല സ്നേഹമായിരുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരുപാട് കഥാപാത്രങ്ങൾ അഭിനയിക്കാൻ സാധിച്ച ഒരാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു.
എം ടിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പരിപാടിക്കിടെ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ തന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു താനെന്നു തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും മമ്മൂട്ടി കുറിച്ചു.
എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് ഗവർണ്ണർ പറഞ്ഞു.
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു അന്ത്യം. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post