മലായളിയുടെ ഹൃദയത്തിന്റെ നാലുകെട്ടിൽ ചിരപ്രതിഷ്ഠ നേടിയ വിഖ്യാത കഥാകാരൻ ഇനി ഓർമ. ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചാണ് എംടി വിടപറയുന്നത്.
നിർമാതാവ് ശോഭനാ പരമേശ്വരൻ നായരുടെ നിർദേശപ്രകാരം 1965ൽ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. സാമൂഹ്യപരമായും രാഷ്ട്രീയപരമായും ചർച്ച ചെയ്യാൻ ഏറെ സിനിമകൾ സമ്മാനിച്ചാണ് എംടി അരങ്ങൊഴിയുന്നത്. ജീവിതവും പ്രണയവും ദാരിദ്ര്യവും സാമൂഹ്യ വ്യവസ്ഥകളോടുള്ള കലഹവും അടിച്ചമർത്തലകളുമെല്ലാം എംടി യുടെ കഥകളിൽ ഇഴ ചേർന്നപ്പോൾ പിറവിയെടുത്തത് മലയാള സിനിമയിലെ ചരിത്ര നിമിഷങ്ങളായിരുന്നു.
എംടി ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും 54 സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. 1973ൽ പുറത്തിറങ്ങിയ ‘നിർമ്മാല്യം’ ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിന് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചു. ഒരു വടക്കൻ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.
ഐവി ശശി സംവിധാനം ചെയ്ത സിനിമകൾക്കാണ് എംടി ഏറ്റവും കൂടുതൽ തിരകഥ എഴുതിയിട്ടുള്ളത്. എംടി യുടെ തിരക്കഥയിൽ പുറത്തു വന്ന ആൾക്കൂട്ടത്തിൽ തനിയെ, അഭയം തേടി, ആരൂഢം, അനുബന്ധം, ഇടനിലങ്ങൾ, അടിയൊഴുക്കുകൾ തുടങ്ങിയ സിനിമകൾ സമൂഹത്തിന്റെ പൊരുത്തക്കേടുകൾ തുറന്നുകാട്ടിയി ചിത്രങ്ങളായിരുന്നു. എം.ടിയെ വാണിജ്യ സിനിമകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്ന സംവിധായകൻ ഐവി ശശി ആയിരുന്നു. സിനിമയെന്ന കലാരൂപത്തെ കൂടുതൽ മികവുറ്റതാക്കുന്ന ചലച്ചിത്രങ്ങളായിരുന്നു അവയെല്ലാം.
1983ലാണ് മഞ്ഞ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം നടത്തിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എം.ടി തന്നെയായിരുന്നു. സംഗീത നായിക്, ശങ്കര്‍ മോഹന്‍, നന്ദിത ബോസ്, കല്‍പ്പന, ദേശ് മഹേശ്വരി, കമല്‍ റോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ എത്തിയത്. എസ്.കെ പൊറ്റക്കാടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി വാസുദേവന്‍നായര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കടവ്. 1991ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
മലയാള സിനിമയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഏറ്റവും കൂടുതൽ വാങ്ങിയ എംടിയെ മറികടക്കാൻ ഇതുവരെ മറ്റാർക്കും സാധിച്ചിട്ടില്ല. 1981-ൽ പുറത്തിറങ്ങിയ വളർത്തുമൃഗങ്ങൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, തൃഷ്‌ണ, വാരിക്കുഴി, വെള്ളം, ഉയരങ്ങളില്‍, അക്ഷരങ്ങള്‍, മഞ്ഞ്, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഇടനിലങ്ങള്‍, അനുബന്ധം, രംഗം, അഭയം തേടി, എന്ന് സ്വന്തം ജാനകിക്കുട്ടി, അമൃതംഗമയ, മിഥ്യ, ആരണ്യകം, താഴ്‌വാരം, ഋതുഭേദം, വേനല്‍ക്കിനാവുകള്‍, വിത്തുകള്‍, ഉത്തരം, മനോരഥങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി.
മലയാളികൾ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന ഇതിഹാസചിത്രമാണ് ഒരു വടക്കൻ വീരഗാഥ. വില്ലനായി കണ്ടിരുന്ന ചന്തുവിന്റെ നല്ല മൂല്യങ്ങൾ എം ടിയുടെ കഥയിലൂടെ പിറവിയെടുത്തപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായി ഒരു വടക്കൻ വീരഗാഥ മാറി. ചന്തുവിനെ തോല്പിക്കാൻ ആവില്ല മക്കളേ… മലയാളികളുടെ മനസിൽ ഇടം പിടിച്ച സിനിമ സംഭാഷണമാണ്. എം ടിയ്ക്ക് മികച്ച തിരക്കഥയ്ക്കും മമ്മൂട്ടിയ്ക്ക് മികച്ച നടനുമടക്കം എട്ട് സംസ്ഥാന അവാർഡുകളും നാല് ദേശീയ അവാർഡുകളും ചിത്രം സ്വന്തമാക്കി.
1988-ൽ ഹരിഹരൻ സംവിധാനം ചെയ്ത് എം ടിയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രമാണ് ആരണ്യകം. നക്സലിസം പ്രമേയമായ അപൂർവം മലയാള സിനിമകളിലൊന്ന് എന്ന് വിശേഷിപ്പിക്കാം ഈ സിനിമയെ. അമ്മിണി എന്ന പെൺകുട്ടിയിലൂടെ കഥ വികസിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു അമ്മിണി. എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു ചെറുപുഞ്ചിരി. ഒടുവിൽ ഉണ്ണികൃഷ്ണന്റെ മികച്ച അഭിനയം കൊണ്ടും ഹൃദയ സ്പർശിയായ പല രംഗങ്ങളിലൂടെയും പ്രേക്ഷകന്റെ മനസ് കീഴടക്കിയ ചിത്രമാണ് ഒരു ചെറുപുഞ്ചിരി. രണ്ട് വൃദ്ധ ദമ്പതിമാരുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.
1989-ൽ പുറത്തിറങ്ങിയ ഒരു അന്വേഷണ ചിത്രമാണ് ഉത്തരം. പത്രപ്രവർത്തകനായി മമ്മൂട്ടി വേഷമിട്ട ബാലൻ എന്ന കഥാപാത്രം പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി. സാഹിത്യകാരിയായ സെലീനയുടെ മരണവുമായി ബന്ധപ്പെട്ടാണ് കഥ സഞ്ചരിക്കുന്നത്. സംഭാഷണങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ബാലന്റെ വീക്ഷണകോണിലൂടെ പ്രേക്ഷകരെ സഞ്ചരിപ്പിക്കുന്ന രീതിയിലാണ് എംടി കഥയൊരുക്കിയിരിക്കുന്നത്.
മുഖ്യധാരാ വാണിജ്യ സിനിമകളുടെ ചേരുവകൾ വേണ്ടതിലധികം മിക്ക ചിത്രങ്ങളിലുമുണ്ടെങ്കിലും സിനിമയെന്ന കലാരൂപത്തെ കൂടുതൽ മികവുറ്റതാക്കാൻ എംടി എന്നും ശ്രദ്ധിച്ചിരുന്നു. സാമൂഹ്യപരമായും രാഷ്ട്രീയപരമായും ചർച്ച ചെയ്യാൻ ഒരു പിടി നല്ല സിനിമകൾ മലയാളത്തിന് സമ്മാനച്ചാണ് അദ്ദേഹം വിടപറയുന്നത്. കലയുടെ ലോകത്തുനിന്നും എംടിയെ മരണം കൂട്ടിക്കൊണ്ടുപോകുമ്പോൾ മലയാളി പ്രേക്ഷകർ ഇപ്പോഴും കാത്തിരിക്കുകയാണ്, അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനായി.
Discussion about this post